Spot Light

4 മാസത്തിനിടെ ‌ഈ ഗൾഫ് രാജ്യം സന്ദർശിച്ചത് 60 ലക്ഷം പേർ; ഇടത്തരക്കാർക്കും ഇഷ്ടം

ദുബായ്: ഊട്ടി, മൈസൂർ, കുളു, മണാലി… ഇന്ത്യക്കാരുടെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങൾ ദുബായിക്കു വഴി മാറുന്നു. ഇന്ത്യയിലെ സ്ഥലങ്ങളിൽ പോകുന്നതുപോലെയാണ് ഇപ്പോൾ ദുബായ് യാത്ര. ഇടത്തരം വരുമാനക്കാർ അടക്കം കുടുംബത്തെ കൂട്ടി ടൂർ വരുന്നത് ദുബായിലേക്കാണ്. ബന്ധുക്കളോ സ്വന്തക്കാരോ അടുത്ത സുഹൃത്തുക്കളോ ഇവിടെ താമസസൗകര്യം ഒരുക്കും. യാത്രാ ചെലവു മാത്രം കരുതിയാൽ മതി. അതും സ്പോൺസർ ചെയ്യാൻ ഇവിടെ ബന്ധുക്കൾ തയാറാണെങ്കിൽ ദുബായ് ഒരു ദൂരമേയല്ല. ഇന്ത്യക്കാരുടെ ദുബായ് ട്രിപ് ചെറിയ കാര്യമല്ല. കഴിഞ്ഞ 4 മാസത്തെ ടൂറിസം സീസണിൽ രാജ്യം സന്ദർശിച്ച 60 ലക്ഷം വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണെന്ന് ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷത്തേക്കാൾ സഞ്ചാരികളുടെ എണ്ണത്തിൽ 18% വർധനയുണ്ട്. കഴിഞ്ഞ വർഷം 51 ലക്ഷം പേരാണ് എമിറേറ്റിലെത്തിയത്. ദുബായിലെ ഹോട്ടലുകൾക്ക് ഈ സീസണിൽ ഒഴിവുണ്ടായിരുന്നില്ല. വിനോദസഞ്ചാര മേഖല കോവിഡിനു മുൻപുള്ള പ്രതാപകാലത്തേക്കു തിരിച്ചെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ഏപ്രിൽ വരെ എത്തിയ വിനോദ സഞ്ചാരികളിൽ ഇന്ത്യക്കാർ 8.06 ലക്ഷമാണ്. റഷ്യയാണ് രണ്ടാംസ്ഥാനത്ത്. 4.74 ലക്ഷം പേർ. യുകെയിൽ നിന്ന് 3.91 ലക്ഷം പേരും സൗദിയിൽ നിന്ന് 3.52 ലക്ഷം പേരും സന്ദർശിച്ചു. അയൽ രാജ്യമായ ഒമാനാണ് അഞ്ചാം സ്ഥാനത്ത് – 3.48 ലക്ഷം. ജർമനിയിൽ നിന്ന് 2.96 ലക്ഷം പേരും യുഎസിൽ നിന്ന് 2.5 ലക്ഷവും ദുബായിലെത്തി. എമിറേറ്റിലെത്തിയ ഇസ്രയേൽ പൗരന്മാർ 1.63 ലക്ഷമാണ്. ചൈനയിൽ നിന്ന് 1.43 ലക്ഷം പേരും ഇറാനിൽ നിന്ന് 1.37 ലക്ഷം പേരും ഇവിടെ ടൂർ നടത്തി.

ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം 51000 മുറികളുണ്ട്. മൊത്തം ഹോട്ടലുകളിൽ 34 ശതമാനവും പഞ്ചനക്ഷത്രമാണ്. ഫോർ സ്റ്റാർ ഹോട്ടലുകൾ 29% ത്രീ സ്റ്റാർ ഹോട്ടലുകൾ 20 ശതമാനവുമാണ്. വേനൽക്കാല ടൂറിസത്തിന് എത്തുന്നവരുമുണ്ട്. ടിക്കറ്റ് നിരക്ക് കുറവാകും എന്നതാണ് ഇപ്പോൾ യാത്ര തിരഞ്ഞെടുക്കാനുള്ള കാരണം. എന്നാൽ, ജനപ്രിയ ടൂറിസം കേന്ദ്രങ്ങൾ പലതും അടയ്ക്കുന്നതും സമയം ക്രമീകരിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോഴും ഓഫ് സീസൺ ടൂറിസം ആസ്വദിക്കുന്നവർ കൂടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button