തല പൊങ്ങാതെ പാളത്തില്‍; കണ്ണു തുറന്നപ്പോള്‍ ട്രെയിന്‍ മുകളിലൂടെ; മൃതശരീരമല്ല ജീവനുള്ള ശരീരം

മദ്യലഹരിയിൽ റെയിൽ പാളത്തിൽ കിടന്ന ആളുടെ മുകളിലൂടെ ട്രെയിൻ കടന്നു പോയി. തല പൊങ്ങാഞ്ഞതിനാൽ ജീവൻ ബാക്കിയായി. ദിവസങ്ങൾക്കു മുൻപ് എഴുകോൺ അറുപറക്കോണം ഭാഗത്തായിരുന്നു സംഭവം. രാത്രി ഏഴരയോടെ എത്തിയ പുനലൂർ- നാഗർകോവിൽ എക്സ്പ്രസിന്റെ ലോക്കോപൈലറ്റ് ആണ് ഒരു പുരുഷ ശരീരം പാളത്തിന് ഇടയിൽ കിടക്കുന്നത് കണ്ടത്.
മൃതശരീരം എന്നാണ് ലോക്കോപൈലറ്റ് കരുതിയത്. ട്രെയിൻ വിട്ടു പോയെങ്കിലും ട്രാക്കിൽ ‘മൃതദേഹം’ കണ്ട വിവരം ലോക്കോ പൈലറ്റ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. വിവരം അറിഞ്ഞ് എഴുകോൺ പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ ദാ ഇരിക്കുന്നു മൃതശരീരത്തിനു പകരം ജീവനുള്ള ഒരു ശരീരം..! ചോദ്യം ചെയ്തപ്പോൾ സമീപവാസിയാണെന്നും മദ്യലഹരിയിൽ 2 പാളങ്ങളുടെയും ഇടയിൽ കിടക്കുകയായിരുന്നെന്നും സമ്മതിച്ചു.
ശബ്ദവും കുലുക്കവും കേട്ടു കണ്ണു തുറന്നപ്പോൾ ട്രെയിൻ മുകളിലൂടെ പോകുകയായിരുന്നത്രെ. ശരീരം ഒതുക്കി അമർന്നു കിടന്നു. ട്രെയിൻ പോയി എന്ന് ഉറപ്പാക്കിയ ശേഷമാണ് തല ഉയർത്തിയത്. അതു കൊണ്ടു മറ്റു കുഴപ്പങ്ങൾ ഉണ്ടായില്ല. മേലിൽ ഇതാവർത്തിക്കരുത് എന്നു താക്കീത് ചെയ്ത ശേഷം ഇയാളെ വീട്ടിലാക്കിയതായി പൊലീസ് പറഞ്ഞു.
