‘കാളയെ കൊല്ലാമെങ്കില്‍ പശുവിനെ കൊല്ലുന്നതിനെന്ത്’? ഗോവധ നിരോധനം നീക്കാനൊരുങ്ങി കര്‍ണാടക

ഗോവധ നിരോധന നിയമം മാറ്റാനൊരുങ്ങി കര്‍ണാടക. ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയാണു സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. നിയമം കര്‍ഷക വിരുദ്ധമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. കാളകളെ അറവുശാലകളില്‍ കൊണ്ടുപോയി കൊല്ലാമെങ്കില്‍ പശുവിനെ കൊല്ലുന്നതില്‍ പ്രശ്നമെന്താണെന്ന് മൃഗസംരക്ഷണമന്ത്രി കെ.വെങ്കിടേശ് ചോദിച്ചു. പ്രായമായ പശുക്കളെയും ചത്ത പശുക്കളെയും ഒഴിവാക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണെന്നും മന്ത്രി വിശദീകരിച്ചു. തന്റെ തൊഴുത്തിലെ പശു ചത്തപ്പോള്‍ 20 തൊഴിലാളികളെ ഉപയോഗിച്ചെങ്കിലും ജഡം നീക്കം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ചെന്നപട്ടണയില്‍ നിന്നുള്ള പ്രമുഖ കര്‍ഷകന്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
13 വയസ് പൂര്‍ത്തിയായതോ, സാരമായ രോഗമുള്ളതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാന്‍ പാടുള്ളൂവെന്നാണ് 2020 ല്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി. പശുക്കളെയും കാളകളെയും വില്‍ക്കുന്നതും വാങ്ങുന്നതും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും നിയമം മൂലം നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 5 മുതല്‍ 7 വര്‍ഷം വരെ തടവും 5ലക്ഷം രൂപ വരെ പിഴയും ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
