Spot Light

6 മണിക്കൂര്‍ ശുചിമുറിയില്‍; ആരോഗ്യപ്രശ്നങ്ങളെന്ന് യുവാവ്; പിരിച്ചുവിട്ട് കമ്പനി

ജോലിക്കിടയില്‍ ആറുമണിക്കൂര്‍ ശുചിമുറിയില്‍ ചിലവഴിച്ച യുവാവിനെ കമ്പനി പിരിച്ചുവിട്ടു. ചൈനയിലാണ് സംഭവം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് താന്‍ ആറുമണിക്കൂര്‍ ശുചിമുറിയില്‍ തന്നെയിരുന്നതെന്ന് ചൂണ്ടിക്കാട്ടി വാങ് എന്നയാള്‍ കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തള്ളി. 2006 ഏപ്രിലിലാണ് താന്‍ കമ്പനിയില്‍ ചേര്‍ന്നതെന്നും 2014 ഡിസംബറില്‍ മലാശയ പ്രശ്നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നുവെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും 2015 ന് ശേഷം മൂന്ന് മണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെ ശുചിമുറിയില്‍ ചിലവഴിക്കേണ്ടി വരാറുണ്ടെന്നും ഇയാള്‍ പറയുന്നു. കമ്പനിയുടെ രേഖകള്‍ അനുസരിച്ച് 2015 സെപ്റ്റംബര്‍ ഏഴുമുതല്‍ 17വരെയുള്ള സമയത്ത് 22 തവണയാണ് വാങ് ശുചിമുറിയില്‍ പോയത്. മുന്‍കൂട്ടി അറിയിക്കാതെ അവധിയെടുത്തതും, ഡ്യൂട്ടി സമയം കഴിയുന്നതിന് മുന്‍പ് ഇറങ്ങിപ്പോയതുമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 23ന് കമ്പനി ഇയാളുടെ കരാര്‍ അവസാനിപ്പിക്കുകയായിരുന്നു. വാങ് കേസ് നല്‍കിയെങ്കിലും ശുചിമുറിയില്‍ ഇത്രയധികം നേരം ജോലിസമയത്ത് ചിലവഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി തള്ളി. എട്ട് മണിക്കൂര്‍ ജോലിയില്‍ ആറുമണിക്കൂര്‍ ശുചിമുറിയില്‍ കഴിയുന്ന ജീവനക്കാരനെ ഏത് കമ്പനിയാണ് തുടരാന്‍ അനുവദിക്കുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. അസുഖം ബാധിക്കുന്നത് മനസിലാക്കാമെന്നും പക്ഷേ അതൊരു സ്ഥിരം ഒഴികഴിവായി സ്വീകരിക്കരുതെന്നും വാര്‍ത്തയോട് സമൂഹമാധ്യമങ്ങളില്‍ പലരും പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button