kerala

കേരളത്തിൽ ഇരുചക്രവാഹനങ്ങളില്‍ 12 വയസില്‍ താഴെയുള്ളവര്‍ക്ക് പിഴ ചുമത്തില്ല: ഗതാഗതമന്ത്രി

ഇരുചക്രവാഹനങ്ങളില്‍ 12 വയസില്‍ താഴെയുള്ളവര്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കേന്ദ്രത്തിന്റെ അന്തിമ തീരുമാനംവരെ കുട്ടികള്‍ക്ക് പിഴയില്ല. എഐ ക്യാമറവഴി പിഴ ഈടാക്കുന്നതില്‍നിന്ന് ആരെയും ഒഴിവാക്കില്ല. കേന്ദ്രനിയമത്തില്‍ ഒഴിവാക്കിയിട്ടുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ്. എഐ ക്യാമറയ്ക്ക് വിഐപികളും സാധാരണക്കാരും ഒരുപോലെയാകും. സംസ്ഥാനത്ത് 692 ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. രാവിലെ എട്ടുമണിമുതല്‍ പിഴയീടാക്കും. പിഴയ്ക്കെതിരെ ജില്ലാ എന്‍ഫോഴ്സമെന്റ് ഓഫിസര്‍ക്ക് അപ്പീല്‍ നല്‍കാം. ദിവസവും 25000 നോട്ടീസ് അയക്കും. സാഹചര്യം വിലയിരുത്തി മാറ്റംവരുത്തും. നിയമലംഘനം മാത്രമേ ക്യാമറയില്‍ പതിയൂ. മറ്റുള്ളവര്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

ക്യാമറകള്‍ നാളെ മിഴി തുറക്കും

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ എ.ഐ. ക്യാമറകള്‍ നാളെ പ്രവര്‍ത്തനം തുടങ്ങും. ഹെല്‍മറ്റും സീറ്റ് ബല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍ വാഹനവകുപ്പ്.

കാര്‍ യാത്രക്കാര്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന് സീറ്റ് ബെല്‍റ്റാണ്. ഡ്രൈവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഡ്രൈവര്‍ മാത്രം പോരാ, മുന്‍സിറ്റിലുള്ള യാത്രക്കാരനും നിര്‍ബന്ധമാണ്. അത് ഗര്‍ഭിണിയായാലും പ്രായമുള്ളവരായാലും കുട്ടികളായുമെല്ലാം സീറ്റ് ബല്‍റ്റ് നിര്‍ബന്ധമെന്നാണ് നിയമം. പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെങ്കിലും തല്‍കാലം പിഴയീടാക്കില്ല. മുന്‍സീറ്റിലിരിക്കുന്ന ആരെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ പിഴ 500 രൂപയാണ്.

കാര്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ വാഹനങ്ങളിലുമുള്ള യാത്രക്കാര്‍ സൂക്ഷിക്കേണ്ട രണ്ടാമത്തെ കാര്യം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങാണ്. അങ്ങിനെ ചെയ്താല്‍ 2000 രൂപയാകും പിഴയീടാക്കുന്നത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ കയ്യില്‍ പിടിച്ചുള്ള സംസാരമാണ് ശിക്ഷാര്‍ഹം. ബ്ളൂടൂത്ത് വഴിയോ ലൗഡ് സ്പീക്കറിലോ സംസാരിക്കുന്നതും നിയമലംഘനമെങ്കിലും തല്‍കാലം പിഴയില്ല

ഇരുചക്ര വാഹനയാത്രക്കാരും രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം. ഒന്ന് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല. പിന്നിലിരിക്കുന്നയാള്‍ക്കും. രണ്ടാമത്തെ കാര്യം ഓവര്‍ലോഡിങാണ്. ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുവാദം. മൂന്നോ അതിലധികമോ ആയാല്‍ 1000 രൂപ പിഴയാകും. ഇവ കൂടാതെ നോ പാര്‍ക്കിങ് ഏരിയായിലോ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനം പാര്‍ക്ക് ചെയ്താലും പിഴ വരും.അതുപോലെ ഒരു ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ അത് മറികടന്ന് പോയാലും ക്യാമറ കണ്ടെത്തും. അമിത വേഗം പിടികൂടാന്‍ 4 വാഹനങ്ങള്‍ ഉള്‍പ്പെടെ 8 ക്യാമറാ സിസ്റ്റമാണ് തയാറാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button