പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ടീ ഷർട്ട് ; കയ്യടി നേടി ദുബായിലെ ഡിഗ്രേഡ് എഫ് ഇസഡ് കമ്പനി

പ്ലാസ്റ്റിക് കുപ്പികള്‍ പലപ്പോഴും അലക്ഷ്യമായി വലിച്ചെറിയാറുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗശേഷം വലിച്ചെറിയാതെ അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് കാണിച്ച് മാതൃകയാവുകയാണ് ദുബായിലെ ഒരു കമ്പനി. പ്ലാസ്റ്റിക് കുപ്പികൾ പുനർനിർമ്മിച്ച് ടീ ഷർട്ട് നിർമ്മാണത്തിന് ഉപയോഗിക്കുകയാണ് ദുബായിലെ ഡിഗ്രേഡ് എഫ് ഇസഡ് കമ്പനി.
20 പ്ലാസ്റ്റിക് കുപ്പികളാണ് ഒരു ടീ ഷർട്ട് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പ്രതിമാസം 60 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികൾ വരെ റീസൈക്കിൾ ചെയ്യുകയും,അതില്‍ നിന്ന് പ്രതിദിനം 20,000 ടീ-ഷർട്ടുകൾ നിർമ്മിക്കുകയും ചെയ്യുന്നതായാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്.
ഈ വർഷം ഒരു ബില്ല്യണിലധികം പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനി. ടീ ഷർട്ടുകൾക്ക് നിര്‍മിക്കുന്നതിന് പുറമെ മറ്റ് വസ്ത്രങ്ങളും നിർമ്മിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിന് വേണ്ടി പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത് പോളിസ്റ്റർ നൂലുകളാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയുമെന്ന് വിലയിരുത്തുന്നത്.
പരമ്പരാഗത പോളിസ്റ്റർ ഷർട്ടിനെ അപേക്ഷിച്ച് റീസൈക്കിൾ ചെയ്ത കുപ്പികളിൽ നിന്ന് നിർമ്മിച്ച ടി-ഷർട്ടിന് 12 മുതൽ 15 ശതമാനം വരെ വിലയും കുറവാണ്. നിർമാണ പ്രക്രിയയും പരിസ്ഥിതി സൗഹൃദമാണ്. ഇതിലൂടെ 50 ശതമാനം ഊർജം ലാഭിക്കാനും സാധിക്കുന്നതായിട്ടാണ് വിലയിരുത്തൽ.
