ഗൂഗിൾ മാപ് നോക്കി സഞ്ചരിച്ചു; ആളുകളുമായി സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

അറിയാത്ത സ്ഥലത്ത് പോകാന്‍ ആളുകളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്. മിക്കയാളുകളും ഇന്നത്തെ കാലത്ത് ഗൂഗിൾ മാപിന്‍റെ സഹായത്തോടെയാണ് പരിചിയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകുക. എന്നാല്‍ ഗൂഗിൾ മാപ് കാണിച്ചു തരുന്ന വഴി എപ്പോഴും ശരിയായിരിക്കണമെന്നും നിര്‍ബന്ധമില്ല.
വയലട മുള്ളൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഗൂഗിൾ മാപ് നോക്കി സഞ്ചരിച്ച അഞ്ചംഗ സംഘത്തിന്റെ ജീപ്പ് മറിഞ്ഞ് അപകടം. വാഹനത്തിന് കേട്പാടുകള്‍ സംഭവിച്ചെങ്കിലും സഞ്ചാരികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പൂവത്തുംചോലയിൽ നിന്നു താന്നിയാംകുന്ന് മലയിലൂടെയാണു വയലടയിലേക്കു ഗൂഗിൾ മാപ് എളുപ്പ മാർഗം കാണിച്ചത്. താന്നിയാംകുന്ന് വരെ റോഡ് കോൺക്രീറ്റ് ചെയ്തതാണ്. തുടർന്ന് കോണ്‍ക്രീറ്റ് ചെയ്യാത്ത ഓഫ്റോഡ് വഴിയിലൂടെയാണ് ടൂറിസ്റ്റുകളുടെ ജീപ്പ് സഞ്ചരിച്ചത്. പാത മോശമായതിനാൽ ടയർ തെന്നി ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് കൊക്കയിൽ നിന്നു ജീപ്പ് കയറ്റിയത്.
പൂവത്തുംചോല – താന്നിയാംകുന്ന് – വയലട റോഡ് നിലവിലുണ്ടെങ്കിലും താന്നിയാംകുന്ന് മുതൽ വയലട വരെയുള്ള റോഡിലൂടെയുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല. സഞ്ചാരയോഗ്യമല്ലാത്ത റോഡിനെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും സമീപ പ്രദേശങ്ങളിലില്ല. താന്നിയാംകുന്ന് മുതൽ വയലട വരെ റോഡ് പൂർണമായും നവീകരിക്കാൻ ഫണ്ട് അനുവദിക്കണമെന്നും ആവശ്യം ഉണ്ട്.
