യുവതിയെ വെട്ടിനുറുക്കി കൊന്ന് ശരീരഭാഗങ്ങൾ ഫ്ലാറ്റിൽ ഉപേക്ഷിച്ചു; പങ്കാളി അറസ്റ്റിൽ

മുംബൈ താനെയില്‍ യുവതിയെ വെട്ടിനുറുക്കി കൊന്ന് ശരീരഭാഗങ്ങള്‍ ഫ്ലാറ്റില്‍ ഉപേക്ഷിച്ച പങ്കാളി അറസ്റ്റില്‍. 32കാരിയായ സരസ്വതി വൈദ്യയാണ് കൊല്ലപ്പെട്ടത്. താനെ മിര ഭയന്തിര്‍ സ്വദേശിയായ 56കാരന്‍ മനോജ് സാഹ്നിയാണ് പിടിയിലായത്. യുവതിയെ കൊന്നശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് പ്രഷര്‍ കുക്കറില്‍ വേവിച്ച പ്രതി, അത് ഫ്ലാറ്റിലെ പ്ലാസ്റ്റിക് കവറില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. 16 കഷണങ്ങളാക്കിയ ശരീരഭാഗങ്ങള്‍ ഫ്ലാറ്റില്‍ നിന്ന് കണ്ടെടുത്തു. മറ്റ് ഭാഗങ്ങള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ഫ്ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് താമസക്കാര്‍ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തുവന്നത്.
തുടര്‍ന്ന് ബുധനാഴ്ച രാത്രിതന്നെ പ്രതിയെ പരിസരത്ത് നിന്ന് പിടികൂടി. പ്രതിയുമായുള്ള തെളിവെടുപ്പില്‍ രണ്ട് വുഡ് കട്ടറുകളും കണ്ടെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമികമായി പറയുന്നത്. ഒന്‍പത് വര്‍ഷമായി ഇവര്‍ ലിവ്–ഇന്‍ റിലേഷനില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലും സമാനമായ കൊലപാതകം നടന്നിരുന്നു.
