kerala

മരിച്ചെന്നു കരുതി ജനം നോക്കിനിന്നു; കാറിടിച്ച യുവാവ് രക്തംവാർന്നു മരിച്ചു

തുറവൂർ (ആലപ്പുഴ): കാറിടിച്ച് പരുക്കേറ്റ് 20 മിനിറ്റോളം റോഡരികിൽ ചോരവാർന്നു കിടന്ന യുവാവിന് ദാരുണാന്ത്യം. അപകടമറിഞ്ഞു തടിച്ചുകൂടിയ ജനം യുവാവ് മരിച്ചെന്നു കരുതി കാഴ്ചക്കാരായി നിന്നപ്പോൾ ഓടിയെത്തിയ രണ്ട് അധ്യാപികമാർ ഇടപെട്ടാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.  

കോടംതുരുത്ത് മഴത്തുള്ളി വീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷാണ് (29)  ഇന്നലെ ഉച്ചയ്ക്ക് മൂന്നിന്  ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽപി സ്കൂളിനു മുന്നിൽ അപകടത്തിൽ മരിച്ചത്. അറക്കാനുള്ള തടി മില്ലിൽ കൊടുത്ത ശേഷം ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാൽനട യാത്രക്കാരനായ രാഹുലിനെയും (30)  നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഹുലിനു പരുക്കേറ്റെങ്കിലും ബോധമുണ്ടായിരുന്നു. 

കാർ യാത്രക്കാർ വിളിച്ചുവരുത്തിയ  ആംബുലൻസിൽ രാഹുലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ചോരയിൽ കുളിച്ചു ചലനമറ്റു കിടന്നിരുന്ന ധനീഷ് മരിച്ചെന്നു കരുതി ഇതിൽ കയറ്റിയില്ലെന്നാണ് വിവരം.

അപകടം നടന്ന ഉടൻ ആളുകൾ ഓടിക്കൂടിയെങ്കിലും  ധനീഷ് മരിച്ചെന്ന് അവരും കരുതി.   

സമീപത്തെ കോടംതുരുത്ത് ഗവ. എൽപി സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന എം.ധന്യയും ജെസി തോമസും റോഡിലെ ആൾക്കൂട്ടം കണ്ടാണ് അന്വേഷിച്ചെത്തിയത്. ധനീഷിനെ ഇരുവരും ചേർന്നു നിവർത്തിക്കിടത്തി നാഡിമിടിപ്പ് പരിശോധിച്ചപ്പോൾ ജീവനുണ്ടെന്നു മനസ്സിലായി.

അധ്യാപികമാർ തന്നെ അതുവഴി വന്ന വാഹനം കൈകാട്ടി നിർത്തി. ധനീഷിനെ അന്വേഷിച്ച് അപ്പോഴേക്കും സഹോദരൻ നിധീഷ് എത്തിയിരുന്നു. എല്ലാവരും ചേർന്നു തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു.

സതിയാണു ധനീഷിന്റെ മാതാവ്.

മറ്റു സഹോദരങ്ങൾ: ബിനീഷ്, നിഷ.

ഗുരുതര പരുക്കോടെ രാഹുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നു കുത്തിയതോട് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button