ഒരു ഡയപ്പറും വെള്ളക്കുപ്പിയും; 40 ദിവസം വന്യതയുടെ നടുവില്‍; 4 കുട്ടികൾ, അദ്ഭുത രക്ഷ

കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ 40 ദിവസത്തെ ജീവിതം, ലോകത്തിന്റെ ആശയും പ്രതീക്ഷയും നഷ്ടമാവുന്ന സാഹചര്യത്തിലാണ് ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് നാലു കുട്ടികളെയും കണ്ടെത്തുന്നത്. നാലു കുട്ടികളും സുരക്ഷിതരാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. 11 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെയാണ് രക്ഷപ്പെട്ടത്. മെയ് 1ന് വിമാനാപകടമുണ്ടായതിനെത്തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ കാട്ടിലകപ്പെട്ടത്. അന്നു മുതല്‍ തിരച്ചില്‍ ആരംഭിച്ച സൈന്യം ഉപയോഗിച്ച് ഒഴിവാക്കിയ ഒരു ഡയപ്പറും ഒരു വെള്ളക്കുപ്പിയും കണ്ടെത്തിയിരുന്നു. പിന്നാലെ കുഞ്ഞുങ്ങളുടെ കാല്‍പ്പാടുകളും കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് സൈന്യം അവിടവിടെയായി ചില കുറിപ്പുകള്‍ എഴുതിവെച്ചിരുന്നു. ആ വഴി വന്നാല്‍ ഏത് റൂട്ടില്‍ പോവണമെന്ന നിര്‍ദേശം ആ പതിമൂന്നുകാരന് മനസിലാകുന്ന വിധത്തിലായിരുന്നു കുറിപ്പുകള്‍.
ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഇടതൂര്‍ന്ന ആമസോണ്‍ കാടിന്റെ ഭീകരതയില്‍ 13 വയസുകാരന്‍ പിഞ്ചുകുഞ്ഞിനെയുമെടുത്ത് ഇത്രയും ദിവസം അതിജീവിച്ചത് അദ്ഭുതമാണ്. ലോകമൊന്നടങ്കം അവരുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. ചെറുവിമാനം തകര്‍ന്ന അപകടത്തില്‍ ഈ കുഞ്ഞുങ്ങളുടെ അമ്മയും പൈലറ്റും മരിച്ചിരുന്നു.
