kerala

ഉള്ളി വില 40ല്‍ നിന്ന് 80ആയി; സാധനങ്ങള്‍ക്ക് പൊളളുന്നവില; അനങ്ങാതെ ഭക്ഷ്യവകുപ്പ്

അടുക്കള ബജറ്റ് തകര്‍ത്ത് പലചരക്ക് സാധനങ്ങള്‍ക്ക് പൊളളുന്നവില. 30 രൂപ മുതല്‍ 200 രൂപവരെയാണ് വിവിധ പലചരക്ക് സാധനങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കുളളില്‍ വില കൂടിയത്. പൂഴ്ത്തി വയ്പും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുമ്പോഴും ഭക്ഷ്യവകുപ്പിന് അനക്കമില്ല.

ചെറിയ ഉളളി ചേരുന്ന കറികള്‍ക്കൊക്കെ നല്ല രുചിയാണ്. ആ രുചിക്ക് പക്ഷേ വലിയ വില കൊടുക്കണം. 40 ല്‍ നിന്ന് 80 ലേയ്ക്കാണ് ഉളളിവിലക്കയറ്റം. ഇത്തിരി വെളുത്തുളളി അച്ചാറിടാന്‍ മോഹിച്ചാല്‍ കഴിഞ്ഞ ആഴ്ചയില്‍ നിന്ന് 35 രൂപ കൂടുതല്‍ മുടക്കേണ്ടി വരും. ഇനിയൊരു സാമ്പാറുണ്ടാക്കാമെന്ന് വച്ചാല്‍ സാമ്പാര്‍ പരിപ്പിന് 40 രൂപ കൂടി. കിലോയ്ക്ക് 230 ല്‍ നിന്ന് വററല്‍മുളക് വില 270 ലേയ്ക്കാണ് കുതിച്ച് ചാടിയത്.

വെളളകടല വില 105 ല്‍ നിന്ന് 155 ലേയ്ക്കും ചെറുപയര്‍ 110 ല്‍ നിന്ന് 140 ലേയ്ക്കും ഉഴുന്ന് വില 110 ല്‍ നിന്ന് 127 ലേയ്ക്കും കുതിച്ച് കയറി. ജീരക വില കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിച്ചത്. വിലക്കയറ്റം വീട്ടകകങ്ങളെ മാത്രമല്ല ചെറുകിട ഹോട്ടലുകളേയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിപണി ഇടപെടലിലൂടെ വിലക്കയററം നിയന്ത്രിക്കുകയും കര്‍ശന പരിശോധനയിലൂടെ പൂഴ്ത്തിവയ്പ് അവസാനിപ്പിക്കുകയും ചെയ്യേണ്ട ഭക്ഷ്യവകുപ്പ് ഇതൊന്നും കണ്ടതായോ കേട്ടതായോ ഭാവിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button