kerala

ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഒഴികെയുള്ള എല്ലാ വണ്ടികളിലും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കും

ഇരുചക്രവാഹനവും ഓട്ടോറിക്ഷയും ഒഴികെയുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും. സെപ്റ്റംബര്‍മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് സീറ്റ്ബല്‍റ്റ് നിര്‍ബന്ധമാകുന്നത് ക്രമേണ മറ്റു വാഹനങ്ങളിലേക്കും വ്യാപിക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

കേന്ദ്രമോട്ടോര്‍വാഹനച്ചട്ടത്തിലെ 125-ല്‍ വരുത്തിയ മാറ്റപ്രകാരം 2005-നുശേഷം രജിസ്‌ട്രേഷന്‍ നേടിയ വാഹനങ്ങള്‍ക്കെല്ലാം നിബന്ധന ബാധകമായതിനാല്‍ ഉപയോഗത്തിലുള്ള ഭൂരിഭാഗം ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വേണ്ടിവരും. അതെസമയം ആംബുലന്‍സുകള്‍ക്കുപോലും ഇളവില്ല.

2005-നുശേഷം രജിസ്‌ട്രേഷന്‍ നേടിയ ബസുകള്‍ക്ക് ഡ്രൈവര്‍, കോ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റുകള്‍ വാഹനനിര്‍മാതാവ് നല്‍കിയിരുന്നെങ്കിലും ബസ് കോച്ച് നിര്‍മിച്ചിരുന്നവര്‍ അത് ഒഴിവാക്കുകയായിരുന്നു
കെ.എസ്.ആര്‍.ടി.സി.യിലും ഇതാണ് അവസ്ഥ. പുതുതലമുറ ബസുകളില്‍ മുന്‍സീറ്റുകളിലെ യാത്രക്കാര്‍ക്കും വാഹനനിര്‍മാതാക്കള്‍ സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തുന്നുണ്ട്.

ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കുമാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും നിയമം ബാധകമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍നിന്ന് പിഴയീടാക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രനിയമമനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍വരെ സമയം അനുവദിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്.

കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്. ലോറികളില്‍ ഡ്രൈവറും സഹായിയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button