National
ബിപോര്‍ ജോയ് ചുഴലിക്കാറ്റ് : ഗുജറാത്തില്‍ കനത്ത മഴ; 3 മരണം; പതിനായിരങ്ങളെ ഒഴിപ്പിച്ചു

ബിപോര്‍ ജോയ് ചുഴലിക്കാറ്റ് മറ്റന്നാള്‍ കരതൊടാനിരിക്കെ ഗുജറാത്തില്‍ കനത്ത മഴ. മൂന്നുപേര്‍ മരിച്ചു. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി പതിനായിരങ്ങളെ ഒഴിപ്പിച്ചു. ട്രെയിനുകള്‍ റദ്ദാക്കി. കനത്ത നാശമുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും മന്ത്രിമാരുടെ യോഗം വിളിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രകൃതി ദുരന്തങ്ങളുടെ സ്വഭാവവും തീവ്രതയും മാറിയെന്നും പ്രതിരോധം ശക്തമാക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ രാജ്യം ഒട്ടേറെ മുന്നോട്ടുപോയി. എന്നാല്‍ ആശ്വസിക്കാറായിട്ടില്ലെന്നും മുന്നൊരുക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
