National

തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ റെയ്‌ഡിന്‌ ശേഷം അറസ്റ്റ് ചെയ്ത് ഇഡി; നെഞ്ചുവേദനയെ തുടർന്ന് മന്ത്രി ആശുപത്രിയിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും തുടർന്ന് വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ ഉദ്യോഗസ്ഥർ അറസ്റ് ചെയ്തത്. ചൊവ്വാഴ്‌ച രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലർച്ചെ 2:30ക്കാണ്. ഇന്ന് പുലർച്ചെ അറസ്റ് ചെയ്ത ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ സെന്തിൽ ബാലാജിക്ക് ബോധം ഉണ്ടായിരുന്നില്ല എന്നും അറസ്റ്റിന്റെ കാരണം അറിയിച്ചിട്ടില്ല എന്നും ആരോപിച്ച് ഡിഎംകെയുടെ രാജ്യസഭാ എംപി എൻആർ ഇളങ്കോ രംഗത്തെത്തി. “ഒരാളെയും കാണാൻ അദ്ദേഹത്തെ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. പുലർച്ചെ 2 മണിക്ക് പെട്ടെന്ന് അവനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. ഓമണ്ടുരാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന് ബോധമില്ലായിരുന്നു. തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ അറസ്റ്റാണ് ഉണ്ടായത്. അറസ്റ്റിന്റെ കാരണം അദ്ദേഹത്തെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചിട്ടില്ല. ” – എൻആർ ഇളങ്കോ വ്യക്തമാക്കി.

അദ്ദേഹം നിലവിൽ ചികിത്സയിലാണ്. ഇഡിയുടെ നീക്കത്തെ നിയമപരമായി നേരിടും. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭീഷണി രാഷ്ട്രീയത്തെ ഞങ്ങൾ ഭയപ്പെടുന്നില്ലെന്ന് സെന്തിൽ ബാലാജിയെ സന്ദർശിച്ച ശേഷം തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു

തമിഴ്നാട്ടിൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിൽ വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് വി സെന്തിൽ ബാലാജി. കേന്ദ്രം ഭീഷണി രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഞ്ഞടിച്ചു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫിസിൽ പരിശോധന നടത്തിയത് അപലപനീയമാണ്. ഇഡി റെയ്ഡ് പോലുള്ള പിൻവാതിൽ തന്ത്രങ്ങളിലൂടെയുള്ള ഭീഷണി വിലപ്പോവില്ലെന്നും എം കെ സ്റ്റാലിൻ പ്രസ്താവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button