National

ആൾമാറാട്ടം നടത്തി കോഴിക്കോട് ഹോട്ടലിൽ സ്ത്രീക്കൊപ്പം മുറിയെടുത്തു; വാടക നൽകാതെ പോയ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

ആൾമാറാട്ടം നടത്തി സ്ത്രീക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് മുഴുവൻ പണവും കൊടുക്കാതെ പോയ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: ആൾമാറാട്ടം നടത്തി ഹോട്ടലിൽ മുറിയെടുത്ത് വിവാദത്തിലായ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ജയരാജനെയാണ് മൂന്നാം സ്ഥലമാറ്റത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തത്. നേരത്തെ ആദ്യ സ്ഥലമാറ്റം റദ്ദ് ചെയ്ത് കോഴിക്കോട്ടേക്ക് എസ്ഐ ആയി മടക്കിക്കൊണ്ടുവന്ന കമ്മീഷണറുടെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര മേഖല ഐജിയുടെ നിർദ്ദേശ പ്രകാരം ജയരാജനെ വീണ്ടും വയനാട്ടിലേക്ക് സ്ഥലം മാറ്റിയതും, തൊട്ടുപിന്നാലെ സസ്പെൻഡ് ചെയ്തതും.

കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിൽ ഇളവ് നേടിയെന്നായിരുന്നു എസ്ഐക്കെതിരായ ആരോപണം. ഇതുവഴി ഗുരുതരമായ അച്ചടക്കലംഘനം, സ്വഭാവ ദൂക്ഷ്യം എന്നിവ കാണിച്ചതായും ജയരാജന്റെ സസ്പെൻഷൻ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ശിക്ഷാ നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കോഴിക്കോട് റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ഒരു സ്ത്രീയോടൊപ്പം ഹോട്ടലിലെത്തിയ ജയരാജൻ എസി മുറിയെടുത്തു. എന്നാൽ മുറിയുടെ വാടക കുറച്ചുകിട്ടാനായി, ദുരുദ്ദേശ്യത്തോടെ, ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറാണെന്ന് ഹോട്ടൽ ജീവനക്കാരോട് സ്വയം പരിചയപ്പെടുത്തി. ഇതുവഴി 2500 രൂപ ദിവസവാടകയുള്ള എസി മുറിയിൽ താമസിക്കുകയും, തുടർന്ന് മുറി ഒഴിയുമ്പോൾ, 1000 രൂപ മാത്രം നൽകി മടങ്ങുകയും ചെയ്തു.

പൊലീസ് സബ് ഇൻസ്പെക്ടർ എന്ന നിലയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിനത്തിൽ 1500 രൂപയുടെ ആനുകൂല്യം അനർഹമായി കൈപ്പറ്റിയെന്ന് തെളിഞ്ഞു. ഇത് ഗ്രേഡ് എസ്ഐ ജയരാജൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനവും, സ്വഭാവ ദൂഷ്യവും ആണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതായും സസ്പെഷൻ റിപ്പോർട്ടിലെ സൂചനയിൽ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button