കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി

കര്‍ണാടകയില്‍ ബി.ജെ.പി. സര്‍ക്കാര്‍ പാസാക്കിയ വിവാദ നിയമങ്ങള്‍ പൊളിച്ചെഴുതി സിദ്ധരാമയ്യ സര്‍ക്കാര്‍. ക്രിസ്ത്യന്‍ മിഷനറിമാരെ ലക്ഷ്യം വച്ചെന്നാരോപണം ഉയര്‍ന്ന 2022ലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടൊപ്പം പാഠപുസ്തകങ്ങളുടെ കാവിവത്കരണവും റദ്ദാക്കി. 2022 സെപ്റ്റംബറിലാണ് ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടക മതസ്വാതന്ത്യ്ര സംരക്ഷണ നിയമം പാസാക്കിയത്. ഇതനുസരിച്ചു മതപരിവര്‍ത്തനം മൂന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവു ലഭിക്കുന്ന ക്രിമിനല്‍ കുറ്റമായി. കൂട്ടമതപരിവര്‍ത്തനത്തിന് 10 വര്‍ഷം തടവും പിഴയുമായിരുന്നു നിയമം അനുശാസിച്ചിരുന്നത്. അന്നു പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് നിയമത്തെ കടുത്ത രീതിയില്‍ എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും നിയമം പിന്‍വലിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നു.
ജൂലൈ 3നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമം പിന്‍വലിക്കാനുള്ള ബില്ല് അവതരിപ്പിക്കും. നിയമസഭ പാസാക്കിയാലും ബി.ജെ.പിക്കു ഭൂരിപക്ഷമുള്ള നിയമ നിര്‍മാണ കൗണ്‍സില്‍ കൂടി അംഗീകരിച്ചാലേ നിയമം പിന്‍വലിക്കപ്പെടൂ. ഇതോടൊപ്പം പാഠപുസ്തകങ്ങളിലെ കാവിവത്കരണം നീക്കി. ആദ്യപടിയായി ആര്‍.എസ്.എസ്. സൈദ്ധാന്തികരായ ഹെഡ്ഗേവാര്‍, ഗോള്‍വാക്കര്‍ എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. കാവിവത്കരണത്തെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് പാഠപുസ്തകങ്ങള്‍ സമ്പൂര്‍ണായി പൊളിച്ചെഴുതും. ഇതോടൊപ്പം സ്കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖ വായന നിര്‍ബന്ധമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
