പ്രളയഭീതിയില്‍ അസം; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ ദുരിതം വിതയ്ക്കുന്നു. അസം, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിട്ടുള്ളത്. അസമില്‍ ലഖിംപൂര്‍, ദിബ്രുഗഡ്, ദേമാജി ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ പ്രളയസമാനമായ സാഹചര്യമാണ്. 30,000 പേരെ ദുരിതം ബാധിച്ചു. 215 ഹെക്ടറിലെ കൃഷി നശിച്ചു. ദേശീയ–സംസ്ഥാന ദുരന്തനിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. കര–വ്യോമസേനകളോട് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായി നില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ പെയ്ത മഴയാണ് ലഖിംപൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയത്. മിന്നല്‍ പ്രളയത്തില്‍ വടക്കന്‍ സിക്കിമിലും നാശനഷ്ടമുണ്ടായി. ദേശീയപാത 10 ലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന രണ്ട് ദിവസം കൂടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
