എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രാധികാര നീക്കവുമായി സിനഡ്

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രാധികാരനീക്കവുമായി സിറോ മലബാര്‍ സഭാ സിനഡ്. അതിരൂപതാ ഭരണത്തിന് സ്വതന്ത്ര ആര്‍ച്ച് ബിഷപ്പിനെ നിയമിക്കാനാണ് തീരുമാനം. അതിരൂപതയെ വിഭജിക്കില്ല. സിനഡ് തീരുമാനം വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചു. തീരുമാനം നടപ്പായാല്‍ സഭാതലവന്റെ സ്ഥാനിക രൂപതയെന്ന പദവി നഷ്ടമായേക്കും. അതിരൂപതയിലെ പ്രശ്നപരിഹാരത്തിന് മാര്‍പ്പാപ്പയുടെ പ്രതിനിധിയെ അയക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വിളിച്ചു ചേര്‍ത്ത അടിയന്തിര സിനഡ് സഭാ ചരിത്രത്തിലെ നിര്‍ണായ തീരുമാനമാണ് എടുത്തിരിക്കുന്നത്. അതിരൂപതയുടെ ഭരണ ചുമതല ഇതുവരെ സഭാധ്യക്ഷനായ മേജര്‍ ആര്‍ച്ചുബിഷപ്പിനായിരുന്നു. ഇതിന് പകരം അതിരൂപതയ്ക്ക് സ്വതന്ത്രാധികാരമുള്ള ആര്‍ച്ചുബിഷപ്പിനെ നിയമിക്കാനാണ് സിനഡ് തീരുമാനം. വത്തിക്കാന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തീരുമാനം പ്രഖ്യാപിക്കും. അതിരൂപതാവിഭജനത്തിന് നീക്കമില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ അവാസ്തവമെന്നും സിനഡ് വ്യക്തമാക്കി. പ്രശ്നങ്ങളില്‍ കാര്യക്ഷമമായ ചര്‍ച്ചകളും ഇടപെടലും നടത്തുന്നതിന് മാര്‍പ്പാപ്പയുടെ പ്രതിനിധിയെ എറണാകുളം അങ്കമാലി അതിരൂപതയിലേക്ക് അയക്കണമെന്ന അഭ്യര്‍ഥനയുമുണ്ട്.
ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സിനഡ് തീരുമാനം. കുര്‍ബാന തര്‍ക്കത്തിന്റെ പേരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആറുമാസമായി അടഞ്ഞു കിടക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാനും സിനഡ് തീരുമാനിച്ചു. മെത്രാന്‍ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. കുര്‍ബാന ഒഴികെ മറ്റ് കൂദാശകളും പ്രാര്‍ഥനകളും അനുവദിച്ചു. എന്നാല്‍ ഏകീകൃത കുര്‍ബാന മാത്രമേ അനുവദിക്കൂവെന്ന വ്യവസ്ഥ അംഗീകരിക്കില്ലായെന്ന് വിവിധ സഭാ സമിതികള്‍ വ്യക്തമാക്കി. പാരിഷ് കൗണ്‍സില്‍ തീരുമാനപ്രകാരം ഒത്തുതീര്‍പ്പ് ധാരണയില്‍നിന്ന് പിന്‍മാറുന്നതായി ബസിലിക്ക വികാരി ഫാ.ആന്റണി നരികുളം സിനഡിനെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ബസിലിക്ക തുറക്കുന്നത് അനിശ്ചിതത്വത്തിലായി.
