ജമ്മു കശ്മീരില്‍ വന്‍ ഭീകരവേട്ട; അഞ്ചുഭീകരരെ വധിച്ചു; തിരച്ചിൽ

ജമ്മു കശ്മീരില്‍ വന്‍ ഭീകരവേട്ട. കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ വധിച്ചു. കൊല്ലപ്പെട്ട അഞ്ചുപേരും പാക് ഭീകരരാണ്. കൂടുതല്‍ പേരുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നു.
കുപ്‌വാരയിലെ സമീപകാലത്തെ മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. കരസേനയുടെയും പൊലീസിന്‍റെയും സംയുക്ത സംഘം ഭീകരരെ നേരിട്ടു. നിയന്ത്രണരേഖയില്‍നിന്ന് ഏറെ അകലെയില്ലാത്ത ജുമാഗുണ്ഡിലെ വനമേഖലയിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. നിയന്ത്രരേഖവഴി ഭീകരര്‍ നുഴഞ്ഞുകയറിയതായുള്ള കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അഞ്ച് വിദേശ ഭീകരരെ വധിച്ചെന്നും തിരച്ചില്‍ തുടരുകയാണെന്നും ജമ്മു കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച മച്ചില്‍ മേഖലയില്‍ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കുപ്‍വാര വഴിയുള്ള ഈ വര്‍ഷത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമായിരുന്നു ഇതെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൂഞ്ചിലും രജൗറിയിലുമായിരുന്നു നേരത്തെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ രൂക്ഷമായിട്ടുണ്ടായിരുന്നത്.
