
സ്പൂണ്‍ ഉപയോഗിച്ച് അലമാരയുടെ ലോക്കര്‍ തുറക്കും. ദൃശ്യങ്ങള്‍ പതിയുന്ന സിസിടിവി കണ്ടാല്‍ തല്ലിപ്പൊളിച്ച് ബാഗിലാക്കും. സ്വകാര്യ കമ്പനിയുടെ ഗോഡൗണ്‍ കുത്തിത്തുറന്ന് അരലക്ഷത്തിലധികം രൂപ കവര്‍ന്നതിന് പാലക്കാട് വടക്കഞ്ചേരി പൊലീസ് പിടികൂടിയ മാര്‍ത്താണ്ഡം സ്വദേശി ശിവകുമാര്‍ ഇരുപതിലധികം കേസുകളില്‍ പ്രതിയാണ്. ബസില്‍ കയറിയാല്‍ തലകറങ്ങും. അതുകൊണ്ട് ബസ് യാത്രയോട് താല്‍പര്യമില്ല. നടന്ന് നടന്ന് ഓരോ വീടുകളും കണ്ട് വയ്ക്കുന്നതാണ് ശീലം. രാത്രിയായാല്‍ കയ്യും വീശി വീടിന് സമീപത്തെത്തും. ആളില്ലെന്ന് ഉറപ്പാക്കി കതക് തകര്‍ത്ത് അകത്ത് കയറും. വീടിന് സമീപത്ത് കിടക്കുന്ന ഏത് ചെറിയ ആയുധമായാലും ശിവകുമാറിന് ധാരാളം. അകത്ത് കയറിയാല്‍ അലമാരയുടെ ലോക്കര്‍ തുറക്കുന്നത് അടുക്കളയിലെ ടീ സ്പൂണ്‍ ഉപയോഗിച്ചാണ്. ആഢംബര വസ്തുക്കളോടെല്ലാം ഭ്രമമായതിനാല്‍ കയ്യില്‍ കരുതാന്‍ കഴിയുന്നതെല്ലാം സ്വന്തം പോലെ കൈക്കലാക്കും. ഇത്തരത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ ശിവകുമാറിനെതിരെ കേസുണ്ട്.
തൃശൂരിലെ കവര്‍ച്ചാ കേസില്‍ ശിക്ഷ കഴിഞ്ഞ് ഈമാസം മൂന്നിന് പുറത്തിറങ്ങിയ ശിവകുമാര്‍ നേരെ പാലക്കാട്ടേക്ക് വച്ച് പിടിച്ചു. പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം സ്വകാര്യ കമ്പനിയുടെ ഗോഡൗണിലേക്ക് രാത്രി അതിക്രമിച്ച് കടന്ന് അരലക്ഷം രൂപയും വാച്ചും പെന്‍ഡ്രൈവും കവര്‍ന്നു. പിന്നാലെ തൃശൂര്‍ ഭാഗത്തേക്ക് മടങ്ങി. ഗോഡൗണിലെ ഓഫിസിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വടക്കഞ്ചേരി പൊലീസിന് ശിവകുമാറിന്റെ മുഖം വ്യക്തമായി. എസ്.ഐ ജീഷ് മോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയാണ് വടക്കഞ്ചേരി റോയല്‍ ജംങ്ഷന് സമീപത്ത് നിന്നും ഇയാള്‍ പിടിയിലായത്.
കവര്‍ച്ചയിലൂടെ കിട്ടിയ പണം ഉപയോഗിച്ച് പുതിയ ട്രോളി ബാഗ് വാങ്ങി അതിലേക്ക് സാധനങ്ങള്‍ നിറയ്ക്കുന്നതിനിടെയാണ് പൊലീസ് കുരുക്കിയത്. കവര്‍ച്ചയുണ്ടായി എട്ട് മണിക്കൂറിനുള്ളില്‍ ശിവകുമാര്‍ വീണ്ടും അഴിക്കുള്ളിലായി. വടക്കഞ്ചേരിയില്‍ അടുത്തിടെ നടന്ന ചില കവര്‍ച്ചാശ്രമങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം. ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
