ഉപദ്രവിച്ചെന്ന് 8 വയസുകാരിയുടെ നുണ; ഡെലിവറി ബോയിയെ തല്ലി ചതച്ചു; ഒടുവില്‍ സത്യം പുറത്ത്

ഭക്ഷണവിതരണത്തിനെത്തിയ ഡെലിവറി ബോയി ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന എട്ടുവയസുകാരിയുടെ നുണയില്‍ മര്‍ദനത്തിനിരയായി യുവാവ്. ബെംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ടെറസില്‍ കയറി ഒളിച്ചിരുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ തിരഞ്ഞെത്തിയപ്പോഴാണ് വഴക്കില്‍ നിന്നും രക്ഷപെടാന്‍ നുണ പറഞ്ഞതാണെന്ന് തെളിഞ്ഞത്.
പാഴ്സല്‍ നല്‍കാനെത്തിയ അസം സ്വദേശിയായ യുവാവ് തന്നെ ബലമായി ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും, അയാളുടെ കയ്യില്‍ കടിച്ച് താന്‍ രക്ഷപെട്ടതാണെന്നുമായിരുന്നു പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. ഇത് കേട്ടതും കുട്ടിയുടെ മാതാപിതാക്കളും ഫ്ലാറ്റിലെ മറ്റ് താമസക്കാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തല്ലിച്ചതച്ചു. മര്‍ദനത്തില്‍ യുവാവിന്റെ തോളെല്ലിന് പരുക്കേറ്റിട്ടുണ്ട്. യുവാവ് ഉടന്‍ തന്നെ മാനേജറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയാള്‍ സ്ഥലത്തെത്തി സിസിടിവി പരിശോധിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സത്യം പുറത്ത് വന്നത്. പെണ്‍കുട്ടി തനിയെ നടന്ന് ടെറസില്‍ പോകുന്നതിന്റെ ദൃശ്യങ്ങളും യുവാവ് ഭക്ഷണവിതരണത്തിനെത്തി പാഴ്സല്‍ നല്‍കി മടങ്ങാനൊരുങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി.
സംഭവത്തില്‍ പരാതിപ്പെടാന്‍ പറഞ്ഞുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല. തനിക്കും ഒരു മകളുണ്ടെന്നും , ഇത്തരമൊരു വാര്‍ത്ത കേട്ടാല്‍ മാതാപിതാക്കള്‍ പ്രതികരിക്കുന്ന രീതി മനസിലാകുമെന്നും യുവാവ് പറഞ്ഞു. പെണ്‍കുഞ്ഞ് എന്തിനാണ് തന്നെ കുറിച്ച് കളവ് പറഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ കാരണങ്ങളാല്‍ ബെംഗളുരുവില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങിപ്പോവുകയാണെന്നും ഇയാള്‍ വ്യക്തമാക്കി.
