ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം പേരുമാറ്റം പതിവ്; കോണ്‍ഗ്രസ് നേതാക്കളുടെ പേരു വെട്ടിമാറ്റും; ഇടം പിടിക്കും ബിജെപി നേതാക്കള്‍

ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം പേരുമാറ്റം പ്രത്യേക പരിഗണന നൽകുന്ന വിഷയമാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് നെഹ്റു സ്മാരക മ്യൂസിയം പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം എന്നു മാറ്റാനുള്ള തീരുമാനം. മുൻ പ്രധാനമന്ത്രിമാരുടെ പേരുകൾ അപ്രത്യക്ഷമാകുമ്പോൾ ബിജെപി നേതാക്കളുടെ പേരുകൾ ഇടംപിടിക്കുന്നുമുണ്ട്.
നെഹ്റു കുടുംബത്തിലെ മുൻ പ്രധാനമന്ത്രിമാരുടെ പേരിൽ അറിയപ്പെട്ടിരുന്ന പല കേന്ദ്ര പദ്ധതികളുടെയും സംവിധാനങ്ങളുടെയും പേരുകൾ ഈ സർക്കാർ മാറ്റിയെഴുതി. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേൽരത്നയിൽനിന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയതു 2 വർഷം മുൻപാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നു ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് പുനർനാമകരണമെന്നായിരുന്നു അന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചത്. ‘മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാര’മെന്നാണ് ഇപ്പോൾ ഖേൽരത്ന അറിയപ്പെടുന്നത്.
അതേസമയം, ഡൽഹി ഫിറോസ് ഷാ കോട്‌ലയിലെ ക്രിക്കറ്റ് സ്റ്റേഡിയം അരുൺ ജയ്റ്റ്ലിയുടെ പേരിലാക്കിയത് ഇക്കാലത്താണ്. ഗുജറാത്ത് അഹമ്മദാബാദ് മൊട്ടേരയിലെ സ്റ്റേഡിയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരാണു നൽകിയത്.
ഹിന്ദി ഭാഷാ പ്രോത്സാഹനത്തിനു നൽകുന്ന 2 അവാർഡുകളിൽനിന്നു മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പേര് 2015ൽ ഒഴിവാക്കിയിരുന്നു. ‘ഇന്ദിരാ ഗാന്ധി രാജ്ഭാഷാ പുരസ്കാർ’, ‘രാജീവ് ഗാന്ധി രാഷ്ട്രീയ ഗ്യാൻ–വിഗ്യാൻ മൗലിക് പുസ്തക് ലേഖൻ പുരസ്കാർ’ എന്നീ അവാർഡുകളിൽനിന്നു പേരുകൾ നീക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിന്റേതായിരുന്നു. ‘രാജ്ഭാഷാ കീർത്തി പുരസ്കാർ’, ‘രാജ്ഭാഷാ ഗൗരവ് പുരസ്കാർ’ എന്നീ പേരുകളിൽ അവാർഡുകൾ അറിയപ്പെടുമെന്നുമായിരുന്നു അന്നു വിശദീകരണം.
ബിജെപി സർക്കാർ പ്രധാൻമന്ത്രി ആവാസ് യോജന ഗ്രാമീൺ (പിഎംഎവൈ–ജി) എന്ന പേരിൽ 2016ൽ ആരംഭിച്ച ഗ്രാമീണ ഭവന പദ്ധതി മുൻപ് ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിൽ നടപ്പാക്കിയ ഇന്ദിരാ ആവാസ് യോജനയാണ് പരിഷ്കരിച്ചു പുതിയ പേരിലെത്തിയത്. അസമിൽ രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന നാഷനൽ പാർക്കിന്റെ പേരും അസം സർക്കാർ 2021ൽ മാറ്റിയിരുന്നു. ഒറാങ് നാഷനൽ പാർക്ക് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.
