ഭൂനിയമ ഭേദഗതി ബിൽ വൈകാതെ നിയമസഭയിൽ അവതരിപ്പിക്കും’;മന്ത്രി റോഷി അഗസ്റ്റിന്‍

അടുത്ത നിയമസഭാ സമ്മേളന കാലയളവിൽ തന്നെ ബില്ല് അവതരണം ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ പറഞ്ഞു. ഭൂപ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ആയിരുന്നു മന്ത്രിയുടെ ഉറപ്പ്.
ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് നാല് വർഷം കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനവും ആറുമാസം കഴിഞ്ഞിട്ടും നടപ്പായില്ല. ഇതും മൂന്നാറിലെ നിർമാണ നിയന്ത്രണമുൾപ്പെടെ ഭൂപ്രശ്നങ്ങൾ സങ്കീർണം ആയതോടെയാണ് മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിച്ചത്. വിവിധ പ്രശ്നങ്ങളും എതിർപ്പുകളും മുൻപിൽ വന്നതുകൊണ്ടാണ് ഭൂനിയമ ഭേദഗതി ബിൽ അവതരണം വൈകുന്നത് എന്നാണ് മന്ത്രിയുടെ വിശദീകരണം.
ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് ഒരേ നിലപാടാണെന്നും മന്ത്രി പറഞ്ഞു. സർവ കക്ഷി യോഗത്തിൽ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം പട്ടയം നല്കാന്‍ കഴിയാത്ത വിഷയം റവന്യു മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. മൂന്നാറിലെ നിർമ്മാണ നിരോധന വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിമാർ കർഷക വിരുദ്ധ നിലപാട് ഉള്ളവരാണെന്നും സർക്കാർ അറിയാതെ ഇവരെ നിയോഗിക്കില്ലെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് യോഗത്തിൽ വിമർശനമുനയിച്ചു.
