Spot Light

അണ്ഡവും ബീജവും വേണ്ട; മൂലകോശത്തിൽനിന്ന് മനുഷ്യഭ്രൂണം സൃഷ്ടിച്ചു

മനുഷ്യഭ്രൂണത്തിന്റെ മൂലകോശങ്ങളിൽ മാറ്റം വരുത്തി കൃത്രിമഭ്രൂണം വികസിപ്പിച്ച ശാസ്ത്രജ്ഞർ ഈ രംഗത്ത് നിർണായക മുന്നേറ്റത്തിനു തുടക്കംകുറിച്ചു. അണ്ഡവും ബീജവും ഇല്ലാതെയാണ് മൂലകോശങ്ങളിൽ നിന്ന് മനുഷ്യഭ്രൂണം സൃഷ്ടിച്ച് ഏതാനും ആഴ്ച ലാബിൽ വളർത്തിയത്. മിടിക്കുന്ന ഹൃദയമോ തലച്ചോറോ രൂപപ്പെടും വരെ വളർച്ച നേടാൻ ഈ ഭ്രൂണങ്ങൾക്കു സാധിച്ചിട്ടില്ലെങ്കിലും പ്ലെസെന്റ (മറുപിള്ള), യൊക് സാക് (പോഷകം ലഭ്യമാക്കുന്ന ആവരണം) എന്നിവ രൂപപ്പെട്ടതായി ഗവേഷണത്തിനു നേതൃത്വം നൽകിയ കേംബ്രിജ് സർവകലാശാലയിലെ പ്രഫ. മഗ്ദലെന സെർനിക്ക ഗെറ്റ്സ് പറഞ്ഞു. ഈ രംഗത്തെ ലോകപ്രശസ്തയായ ഗവേഷകയാണു സെർനിക്ക ഗെറ്റ്സ്. ബോസ്റ്റണിൽ ഇന്റർനാഷനൽ സൊസൈറ്റി ഫോർ സ്റ്റെം സെൽ റിസർച് വാർഷിക സമ്മേളനത്തിൽ അവർ അവതരിപ്പിച്ച ഗവേഷണ ഫലം ജേണലുകളിലൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

മനുഷ്യഭ്രൂണം ലബോറട്ടറിയിൽ രണ്ടാഴ്ചയ്ക്കപ്പുറം വളർത്താൻ അനുമതിയില്ല. 14 ദിവസത്തിനുശേഷം തലച്ചോറും ശ്വാസകോശവും രൂപം പ്രാപിക്കാൻ തുടങ്ങുന്നതോടെ പിന്നീടുള്ള പരിപാലനത്തിന് സാങ്കേതിക പരിമിതികളുണ്ട്. എന്നാൽ, സെർനിക്ക ഗെറ്റ്സും സംഘവും ലാബിൽ വികസിപ്പിച്ച കൃത്രിമ ഭൂണങ്ങൾക്ക് 14 ദിവസത്തിനു ശേഷവും വളർച്ച പ്രാപിക്കാനായി. കൃത്രിമഭൂണങ്ങൾക്കു ഹൃദയം, തലച്ചോർ എന്നിവ രൂപപ്പെടുന്ന ഘട്ടത്തിൽ എത്താനാകില്ലെങ്കിലും മറുപിള്ളയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന് ഇവർ അവകാശപ്പെടുന്നു. ഗർഭഛിദ്രത്തിന്റെ കാരണവും ജനിതകപ്രശ്നങ്ങളും മറ്റും പഠിക്കാനും ഇതു സഹായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button