
കോവിന്‍ വിവരച്ചോര്‍ച്ച അന്വേഷണത്തില്‍ വഴിത്തിരിവ്. ബിഹാറിലെ ആരോഗ്യപ്രവര്‍ത്തകയുടെ മകനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ടെലിഗ്രാം ബോട്ടില്‍ വിവരങ്ങള്‍ അപ‌്‌ലോഡ് ചെയ്തത് ഇയാളെന്നാണ് സൂചന. ബിഹാറിലെ വസതിയില്‍നിന്നാണ് അറസ്റ്റ്. പ്രതിയെ സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡല്‍ഹി പൊലീസിന്‍റെ സ്പെഷല്‍ സെല്ലിന് കീഴിലുള്ള ഇന്‍റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോവിഡ് വാക്സീന്‍ എടുക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയവരുടെ വ്യക്തിഗത വിവരങ്ങള്‍ ടെലിഗ്രാം ആപ്പില്‍ ലഭ്യമായത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വ്യക്തിയുടെ മൊബൈല്‍ നമ്പരോ ആധാര്‍ നമ്പറോ നല്‍കിയാല്‍ പേരും തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങളും ഉള്‍പ്പെടെ ലഭ്യമായിരുന്നു. രാജ്യത്തെ 110 കോടി ജനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ന്നില്ലെന്നായിരുന്നു കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ നിലപാട്. പുറത്തുവന്ന വിവരങ്ങള്‍ വ്യാജമോ നേരത്തെ പുറത്തുവന്നതോ ആകാമെന്നായിരുന്നു വിശദീകരണം.
