kerala

വ്യാജ സർട്ടിഫിക്കറ്റ്, തെറിവിളി, യാത്രക്കാരെ ഇറക്കിവിടൽ; അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം: അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. വിവിധ അച്ചടക്കലംഘനങ്ങൾ നടത്തിയ വ്യത്യസ്ത ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് നടപടി. ജൂൺ 13 -ന് പൊൻകുന്നം ഡിപ്പോയിൽ നിന്ന് പുതുതായി ആരംഭിച്ച പൊൻകുന്നം – പള്ളിക്കത്തോട് – കോട്ടയം സർവ്വീസ് തുടങ്ങി ഏകദേശം മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഇടിഎം മെഷീൻ കേടായതായി പറഞ്ഞ് ആളുകളെ ഇറക്കിവിട്ടതിനാണ് ആദ്യ നടപടി.

റാക്ക് ഉപയോ​ഗിച്ച് സർവ്വീസ് നടത്താമെന്നിരിക്കെ ഇടിഎം മെഷീൻ കേടായി എന്ന കാരണം പറഞ്ഞ് മേലധികാരികളും നിർദ്ദേശമില്ലാതെ, ബസിൽ നിന്ന് യാത്രക്കാരെ ഇറക്കിവിട്ട് കോർപ്പറേഷന് നഷ്ടവും, യാത്രക്കാർക്ക് ക്ലേശവും ഉണ്ടാക്കിയെന്ന് കെഎഎസ്ആർടിസി വിശദീകരിക്കുന്നു. ഈ സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

വൈക്കം ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറെ മുറിയിൽ അതിക്രമിച്ച് കയറി മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് ഡിപ്പോയിലെ കണ്ടക്ടർ ബി. മംഗൾ വിനോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. ജൂൺ ഒന്നിന് വൈക്കം ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറുടെ മുറിയിൽ അതിക്രമിച്ച് കയറിയ ഇയാൾ മോശമായി പെരുമാറുകയും, അസഭ്യവാക്കുകൾ പറയുകയും ചെയ്തു. അതിനുശേഷം വീട്ടിൽ പോകാൻ പുറത്തിറങ്ങിയ ഉദ്യോഗസ്ഥനെ പിന്തുടരുകയും ഡിപ്പോയിലെ ടീ സ്റ്റാളിന് മുമ്പിൽ വച്ച് വീണ്ടും തടഞ്ഞുനിർത്തുകയും യാത്രക്കാരുടെയും, ജീവനക്കാരുടെയും മുന്നിൽ വച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും, അധിക്ഷേപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഇയാൾക്കെതിരെ ഉള്ള ആരോപണം.

മദ്യലഹരിയിൽ യാത്രക്കാരെ തെറി പറഞ്ഞ സംഭവത്തിലാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ജൂൺ ഏഴിന് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ മദ്യലഹരിയിൽ എത്തിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫ് ബസിലുണ്ടായിരുന്ന യാത്രക്കാരനെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും, അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് നടപടിക്ക്കാരണമായ സംഭവം.

ഏഴ് യാത്രക്കാരുമായി സർവ്വീസ് നടത്തിയ സൂപ്പർഫാസ്റ്റിൽ കായംകുളം മുതൽ കൊല്ലം വരെ യാത്രക്കാരന് ടിക്കറ്റ് നൽകാതെ സൗജന്യ യാത്ര അനുവദിച്ച ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ ഇ ജോമോൾ, വ്യാജ മെഡിക്കൽ സർട്ടിഫിക്കേറ്റ് ഹാജരായി ജോലിക്ക് എത്താതിരുന്ന ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർ .പി.സൈജു എന്നിവരാണ് നടപടി നേരിട്ട മറ്റുള്ളവരെന്നും കെഎസ്ആർടിസി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button