40 കി.മീ വരെ മൈലേജുമായി മാരുതി കാര്‍ ഉടന്‍; ബൈക്ക് ഷോറൂമുകള്‍ കാലിയാകുമോ?

ഉത്സവ സീസണ്‍ അടുത്തതോടെ ഇന്ത്യന്‍ വാഹന വിപണി ഉണര്‍ന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും മികവുറ്റ വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ച് മത്സരം കൊഴുപ്പിക്കാന്‍ രംഗത്തുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച രണ്ട് എസ്‌യുവികളും മാരുതി ഇതിനകം വിപണിയില്‍ എത്തിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം മാരുതി സുസുക്കി ഫ്രോങ്ക്‌സ് (Maruti Suzuki Fronx) ക്രോസ്ഓവര്‍ എസ്‌യുവിയുടെ വില പ്രഖ്യാപിച്ചപ്പോള്‍ ജൂണ്‍ ഏഴിന് ജിംനി 5 ഡോര്‍ പതിപ്പ് (Maruti Suzuki Jimny) പുറത്തിറക്കി. എന്നാല്‍ പരിപാടി ഇനിയും അവസാനിപ്പിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് മാരുതി സുസുക്കി മള്‍ട്ടി പര്‍പ്പസ് വാഹനമായ ഇന്‍വിക്‌ടോയുടെ (Maruti Suzuki Invicto) ടീസറുകളുമായി ആവേശം ഇരട്ടിയാക്കി. ജൂലൈ അഞ്ചിന് ഇന്‍വിക്‌ടോയും അരങ്ങേറ്റം കുറിക്കും.
23.24 കി.മീ മൈലേജ്! മാരുതി ഇന്‍വിക്‌റ്റോ എത്തുക ഈ ഒരൊറ്റ വേരിയന്റില്‍
ചുരുക്കിപ്പറഞ്ഞാല്‍ 3 മാസത്തിനിടെ മൂന്നാമത്തെ കാറാണ് മാരുതി പുറത്തിറക്കാന്‍ പോകുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രാസിന്റെ റീബാഡ്ജ്ഡ് പതിപ്പാണ് ഇന്‍വിക്‌ടോ. ഇതിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മാരുതിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലാകാന്‍ പോകുന്ന ഇന്‍വിക്‌ടോക്ക് 20 ലക്ഷം രൂപയിലേറെ വില വരും. അതിനാല്‍ തന്നെ സാധാരണക്കാരും മധ്യവര്‍ഗ കുടുംബങ്ങളും ആ വഴിക്ക് തിരിഞ്ഞ് നോക്കേണ്ട.
എന്നാല്‍ എക്കാലത്തും മാരുതിയുടെ നട്ടെല്ലായിരുന്ന മാസ്മാര്‍ക്കറ്റ് മോഡലുകളെ അവര്‍ അത്ര പെട്ടെന്ന് കൈവിടില്ല. ഇന്‍വിക്ടോയ്ക്ക് പിന്നാലെ ഇടത്തരക്കാര്‍ക്കായി മാരുതി സുസുക്കി രണ്ട് പുതിയ കാറുകള്‍ പുറത്തിറക്കും. ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാല്‍ ഈ കാറുകള്‍ ബൈക്കുകളേക്കാള്‍ മൈലേജ് തരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെ മാരുതി സ്വിഫ്റ്റ് കോംപാക്ട് ഹാച്ച് ബാക്കിന്റെയും (New Gen Maruti Swift) ഡിസയര്‍ കോംപാക്ട് സെഡാന്റെയും (New Gen Maruti Dzire) പുതുതലമുറ പതിപ്പുകളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
രണ്ട് കുടുംബത്തിന് സുഖസുന്ദരമായി പോകാം; മാരുതിയുടെ ‘ഇന്നോവ’ ഇപ്പോള്‍ ബുക്ക് ചെയ്യാം
അകത്തും പുറത്തും സമൂലമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതു തലമുറ സ്വിഫ്റ്റ് എത്തുക. റീഡിസൈന്‍ ചെയ്ത എക്‌സ്റ്റീരിയറും ഇന്റീരിയറുമുള്ള ന്യൂ ജെന്‍ സ്വിഫ്റ്റ് വിദേശത്തെ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആയിരിക്കും ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഹാച്ച്ബാക്കിന്റെ മിഡ് സ്‌പെക്, ടോപ് എന്‍ഡ് വേരിയന്റുകളിലാകും സജ്ജീകരിക്കുക.
നിലവിലെ പെട്രോള്‍ എഞ്ചിന്‍ തുടര്‍ന്നും സേവനമനുഷ്ഠിക്കും. ഇത് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കും. 5 സ്പീഡ് AMT ഓപ്ഷനലായിരിക്കും. ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ വന്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ച പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് ഈ വര്‍ഷം അവസാനമോ 2024-ന്റെ തുടക്കത്തിലോ ജപ്പാനില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 2024 ആദ്യ പകുതിയില്‍ അതായത് ജൂണ്‍ മാസത്തോടെ ഇത് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്‍ഫീല്‍ഡ് അവിടെ നിക്കട്ടെ; ഹാര്‍ലി-ഹീറോ ബൈക്കിനായി കാത്തിരിക്കാനുള്ള 5 കാരണങ്ങള്‍
പുതിയ തലമുറ സ്വിഫ്റ്റില്‍ വാഗ്ദാനം ചെയ്യുന്ന അതേ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ പുതിയ തലമുറ മാരുതി സുസുക്കി ഡിസയറിലും വാഗ്ദാനം ചെയ്യും. അതിനാല്‍ തന്നെ ഈ മോഡലിന് ലിറ്ററിന് 35 മുതല്‍ 40 കിലോമീറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം. ഇന്ന് വിപണിയിലുള്ള ചില ബൈക്കുകളേക്കാള്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതിനാല്‍ ഈ കാറുകള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഇടിമുഴക്കം തന്നെ തീര്‍ത്തേക്കാം.
എസ്‌യുവികളുടെ കുത്തൊഴുക്കിനിടയിലും നമ്മുടെ രാജ്യത്തെ ജനങ്ങള്‍ മൈലേജടക്കമുള്ള ഘടകങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കുറച്ചിട്ടില്ലെന്നത് ചെറുകാറുകള്‍ക്ക് ഇന്നും ലഭിക്കുന്ന മികച്ച വില്‍പ്പന സൂചിപ്പിക്കുന്നത്. പുതിയ തലമുറ സ്വിഫ്റ്റിന് പിന്നാലെ സെഡാന്‍ സഹോദരനായ ഡിസയറും 2024 രണ്ടാം പകുതിയില്‍ അതായത് ജൂണിനും ഡിസംബറിനുമിടയില്‍ വില്‍പ്പനയ്ക്കെത്താന്‍ സാധ്യതയുണ്ട്. ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഈ രണ്ട് കാറുകളും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
മൈലേജിന്റെ കാര്യത്തില്‍ പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയര്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. മൈലേജ് മാത്രമല്ല ഇന്ന് ട്രെന്‍ഡിംഗായ പല ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാകും ഈ കാറുകള്‍ വരുന്നത്. അതിനാല്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ കൊടുങ്കാറ്റാകാന്‍ രണ്ട് മോഡലുകള്‍ക്കും സാധിക്കുമെന്നാണ് പ്രതീക്ഷ. മൈലേജിന്റെ കാര്യത്തില്‍ പുലികളായേക്കാവുന്ന ന്യൂ ജെന്‍ സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും വില അറിയാനും ഏവരും അതീവ തല്‍പരരായിരിക്കും.
നിലവില്‍ 6 ലക്ഷം രൂപയാണ് മാരുതി സ്വിഫ്റ്റ് കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. ഏകദേശം 6.25 ലക്ഷം രൂപയായിരിക്കും പുതുതലമുറ മോഡലിന്റെ പ്രാരംഭ വില. നിലവില്‍ 6.50 ലക്ഷം രൂപ പ്രാരംഭ വിലയിലുള്ള ഡിസയറിന്റെ പുതുതലമുറ മോഡലിനായി ഏകദേശം 6.75 ലക്ഷം രൂപ മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും മൈലേജ് വീരന്‍മാരായ കാറുകളുടെ വരവോടെ ടൂവീലര്‍ ഷോറൂമുകള്‍ വിജനമാകുമോയെന്ന് നമുക്ക് കണ്ടറിയാം.
