crime

ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം ശിവപ്രിയയുടേതല്ല’; 11 കാരിയുടെ മരണത്തില്‍ ദുരൂഹത

വൈപ്പിൻ: വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട പതിനൊന്നുകാരിയുടെ മരണം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി. ഞാറയ്ക്കൽ വടക്കേടത്ത് സുനിത രാജൻ ആണ് മകൾ ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.മേയ് 29ന് ഉച്ചയ്ക്കാണു ശിവപ്രിയയെ സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാതാപിതാക്കളും മൂത്ത സഹോദരിയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.

ഉച്ചയ്ക്ക് അമ്മ സുനിത കുട്ടിക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അപ്പോൾ മുതൽ മരണം സംബന്ധിച്ച് തങ്ങൾക്ക് സംശയമുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. മൃതദേഹത്തിന്റെ തൊട്ടടുത്തു തന്നെ സാധനസാമഗ്രികൾ ഉണ്ടായിരുന്നുവെങ്കിലും അതിനൊന്നും ഇളക്കം തട്ടിയിരുന്നില്ല. മാത്രമല്ല കുട്ടി സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വസ്ത്രങ്ങളാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.

ആത്മഹത്യാക്കുറിപ്പ് എന്ന രീതിയിൽ ഉള്ള ഒരു കത്ത് മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചിരുന്നുവെങ്കിലും അതിലുണ്ടായിരുന്ന കയ്യക്ഷരം മകളുടേതല്ലെന്ന് സുനിതയുടെ പരാതിയിൽ പറയുന്നു. ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ രേഖപ്പെടുത്തിയില്ലെന്നും കാര്യമായി തുടർ അന്വേഷണം ഉണ്ടായില്ലെന്നുമാണ് ആരോപണം. കൂടാതെ, കുട്ടിയുടെ മരണത്തിനു ശേഷം അടുത്ത ബന്ധുവിന്റെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button