മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല; സാഹസികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ലോകം

ടൈറ്റന്‍ ജലപേടകം തകര്‍ന്ന് മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ലോകം. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കുപോയ ടൈറ്റന്റെ അവശിഷ്ടം ഇന്നലെ രാത്രിയാണ് കണ്ടെത്തിയത്. മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല
അഞ്ചുദിവസം നീണ്ട തിരച്ചിലും കാത്തിരിപ്പും വിഫലം. ടൈറ്റാനിക് കാണാന് പോയ ടൈറ്റന്‍ ഇനി മടങ്ങിവരില്ല. അതില്‍ യാത്രചെയ്ത അഞ്ചുപേരും. രക്ഷാദൗത്യത്തില്‍ പങ്കാളിയായ ഫ്രഞ്ച് വിദൂര നിയന്ത്രിത ജലപേടകമാണ് ഇന്നലെ രാത്രി കടലിനടിയില്‍ ടൈറ്റന്റെ തകര്‍ന്ന ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് യു.എസ്. കോസ്റ്റ്ഗാര്‍ഡും ടൈറ്റന്റെ ഉടമസ്ഥരായ ഓഷന്‍ഗേറ്റ് കമ്പനിയും അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചു. ബ്രിട്ടിഷ് ശതകോടീശ്വരന്‍ ഹമീഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ വ്യവസായി ഷഹ്സാദ ദാവൂദ്, 19 വയസുള്ള മകന്‍ സുലെമാന്‍, ഫ്രഞ്ച് പര്യവേഷകന്‍ പോള്‍ ഹെന്‍റി നാര്‍ഷെലോ, യാത്ര സംഘടിപ്പിച്ച ഓഷ്യന്‍ഗേറ്റ് കമ്പനി ഉടമ സ്റ്റോക്റ്റന്‍ റഷ് എന്നിവരാണ് മരിച്ചത്. കടലിനടിയുണ്ടായ ഉയര്‍ന്ന മര്‍ദത്തെ തുടര്‍ന്ന് ജലപേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് വിലയിരുത്തല്‍. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് 1600 അടി മാറിയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണഅടത്. അതുകൊണ്ടുതന്നെ ജലപേടകം ടൈറ്റാനിക്കിന് അടുത്തെത്തിയപ്പോഴായിരികകാം പൊട്ടിത്തെറി ഉണ്ടായത്. വെള്ളിയാഴ്ച കാനഡയിലെ സെന്റ്ജോണ്‍സില്‍ നിന്നാണ് അഞ്ചംഗ സംഘം യാത്ര പുറപ്പെട്ടത്. ഞായറാഴ്ച തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെവച്ച് ടൈറ്റന്‍ പേടകം മദര്‍ഷിപ്പില്‍ നിന്ന് കടലിലേക്ക് ഡൈവ് ചെയ്തു. ഒന്നേമുക്കാല്‍ മണിക്കൂറിന് ശേഷം ബന്ധം നഷ്ടമാവുകയായിരുന്നു.
