വിഷു ബംപർ അടിച്ച ഭാഗ്യവാനും ‘അജ്ഞാതൻ’, അക്കൗണ്ടിൽ ലഭിച്ചത് 7.56 കോടി രൂപ

ഒരു മാസം മുമ്പ് നറുക്കെടുത്ത 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. ഭാഗ്യവാന്‍ നികുതി കിഴിച്ചുള്ള 7 കോടി 56 ലക്ഷം രൂപ വ്യാഴാഴ്ച കൈപ്പറ്റി. തന്നെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് ഭാഗ്യവാന്‍ ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യം ഒരു മാസം മുമ്പാണ് 12 കോടിയുടെ വിഷു ബംപര്‍ നറുക്കെടുത്തത്. VE 475588 എന്ന നമ്പരിനായിരുന്നു ഭാഗ്യം. മലപ്പുറം ചെമ്മാട് ബസ് സ്റ്റാന്‍ഡില്‍ നിന്നായിരുന്നു ടിക്കറ്റ് വിറ്റത്. നറുക്കെടുത്ത് 15 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ലോട്ടറിയടിച്ചയാള്‍ ബാങ്ക് വഴി ലോട്ടറി വകുപ്പിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിയായ സാധാരണക്കാരനാണ് ഭാഗ്യവാന്‍. യാത്രക്കിടെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് എടുത്തതാണ് ടിക്കറ്റ്. ഏജന്‍സി കമ്മീഷനും നികുതിയും കിഴിച്ച് 7.56 കോടിരൂപ ബംപറടിച്ചയാള്‍ക്ക് ലഭിച്ചു. വ്യാഴാഴ്ച പണം ലോട്ടറി വകുപ്പ് അക്കൗണ്ടിലേക്ക് നല്‍കി. തന്‍റെ പേര് വിവരം പുറത്തുവിടരുതെന്ന നിബന്ധനയും ലോട്ടറിയടച്ചയാള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. സ്വകാര്യത മാനിച്ച് വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ഭാഗ്യക്കുറിവകുപ്പിന്‍റെ നിലപാട്.
വ്യക്തി വിവരങ്ങള്‍ പുറത്തുവന്നാലുണ്ടാകുന്ന പൊല്ലാപ്പ് ഓര്‍ത്താണ് ഭാഗ്യവാന്‍ അജ്ഞാതനായിരിക്കാന്‍ ആഗ്രഹിക്കുന്നത്. 25 കോടിയുടെ തിരുവോണം ബംപറടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന് സഹായം അഭ്യര്‍ഥിച്ചു വരുന്നവരുടെ തിരക്കുമൂലം മാസങ്ങളോളം സ്വന്തം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിരുന്നു. അനൂപിന്‍റെ ദുരനുഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് പിന്നീടുള്ള ബംപറുകളടിച്ച ഭാഗ്യവാന്‍മാര്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. അതേ വഴിയിലാണ് ഇപ്പോള്‍ വിഷു ബംപര്‍ അടിച്ചയാളും. എന്തായാലും അജ്ഞാതനായ ആ ഭാഗ്യവാന് ആശംസകള്‍
