വിദ്യാഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

വിദ്യാഭ്യാസ വിചക്ഷണന്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് (103) തൃശൂരില്‍ അന്തരിച്ചു. നൂറു വയസു തികയും വരെ 30 തവണ ഹിമാലയ യാത്ര നടത്തിയിട്ടുണ്ട്.
1957ൽ ഇഎംഎസ് സർക്കാരിനു മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്കൂൾ ഒരു രൂപയ്ക്കു നൽകി വിദ്യാഭ്യാസ വിപ്ലവത്തിൽ അദ്ദേഹം പങ്കാളിയായി. വിരമിച്ച ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഉന്നതപദവികളും അദ്ദേഹം നിരസിച്ചു. പൊന്നാനി താലൂക്കിലെ പകരാവൂർ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം വേദവും സംസ്‌കൃതവും പഠിച്ചശേഷം തൃശൂർ സെന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. പഠിക്കുമ്പോൾ തന്നെ ഇടതുപക്ഷ വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ സെക്രട്ടറിയും കോളജ് യൂണിയൻ സ്‌പീക്കറുമായി. അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷന്റെ പ്രഥമ സമ്മേളനത്തിൽ ഭാരവാഹിയായി.
മദ്രാസ് സർവകലാശാലയിൽനിന്ന് ധനശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കോഴിക്കോട്ട് സുകുമാർ അഴീക്കോടിന്റെ സഹപാഠിയായി അധ്യാപക പരിശീലനം പൂർത്തിയാക്കി. ഹ്രസ്വമായ കോളജ് അധ്യാപനത്തിനു ശേഷമാണ് തന്റെ പ്രദേശത്തെ പാവപ്പെട്ട വിദ്യാർഥികൾക്ക് അറിവു പകരാൻ മൂക്കുതലയിൽ സ്‌കൂൾ സ്‌ഥാപിക്കുന്നതിനു മുൻകയ്യെടുത്തത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് രണ്ട് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ‘പുണ്യഹിമാലയം’ യാത്രാവിവരണഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
