മനുഷ്യരാശിക്ക് അപമാനം, വെറുപ്പുളവാക്കുന്നു; മൻസൂർ അലിഖാനെതിരെ ആഞ്ഞടിച്ച് തൃഷ

ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു.
നടൻ മന്‍സൂര്‍ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
“മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികl, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”, എന്നാണ് തൃഷ കുറിച്ചത്.
ഏതാനും നാളുകൾക്ക് മുൻപ് ലിയോയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്.
ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.
പൊന്നിയിന്‍ സെല്‍വന്‍ ആണ് ലിയോയ്ക്ക് മുന്‍പ് തൃഷ അഭിനയിച്ച സിനിമ. ദ റോഡ് എന്ന ചിത്രവും നടിയുടേതായി പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലിന്‍റെ റാം, കമല്‍ഹാസന്‍റെ തഗ് ലൈഫ്, അജിത്തിന്‍റെ വിടാമുയര്‍ച്ചി തുടങ്ങി സിനിമകളാണ് തൃഷയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം തൃഷയും വിജയിയും ഒന്നിച്ച ലിയോ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
