
എടക്കര: യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ കൈപ്പിനി പാർട്ടികുന്നിൽ താമസിക്കുന്ന മാങ്കുന്നുമ്മൽ വീട്ടിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ബഷീർ(23), എടക്കര പാലുണ്ട മന്നമ്പരമ്പിൽ വീട്ടിൽ സുബ്രമണ്യൻ മകൻ വിഷ്ണു(23), എടക്കര കലാസാഗർ എരമങ്ങലത്ത് വീട്ടിൽ ജോണിയുടെ മകൻ ജിനേഷ്(23) എന്നിവരെയാണ് എടക്കര പോലീസ് സാഹസികമായി പിടികൂടിയത്. നവംബർ 12 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരനായ വണ്ടൂർ സ്വദേശി തൻ്റെ എടക്കരയിലുള്ള സുഹൃത്തിനെ കാണാൻ വന്നതായിരുന്നു. സുഹൃത്തുമായി എടക്കര കാട്ടിച്ചിറയിലെ റബ്ബർ തോട്ടത്തിനടുത്ത് സംസാരിച്ച് ഇരിക്കുമ്പോൾ അതുവഴി വന്ന പ്രതികൾ പണം ചോദിക്കുകയും വിസമ്മതിച്ചപ്പോൾ മർദ്ദിച്ച് അവശനാക്കുകയുമായിരുന്നു. വസ്ത്രം അഴിപ്പിച്ച് വീഡിയോ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. ഫോണിൻ്റെ പാസ് വേർഡ് ചോദിച്ച് രണ്ട് അക്കൗണ്ടുകളിലേക്ക് അറുപത്തി രണ്ടായിരം രൂപ അയച്ച് പണം തട്ടി എടുത്തു. ഇവർ പരാതിക്കാരനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പരാതിക്കാരൻ എടക്കര പോലീസിൽ പരാതി നൽകിയതോടെ. എടക്കര ഇൻസ്പെക്ടർ എൻ.ബി. ഷൈജു പ്രത്യേകം അന്വേഷണസംഘം രൂപീകരിച്ച് പ്രതികളെ പിടിക്കൂടുവാൻ നിർദേശിക്കുകയും അന്വേഷണ സംഘം ദിവസങ്ങൾക്കുള്ളിൽ ഇവരെ പിടികൂടുകയും ചെയ്തു. കൃത്യം നടത്തിയ സമയം ഇവർ മദ്യലഹരിയിലായിരുന്നു എന്നും അറിവായിട്ടുണ്ട്. ഇതിൽ മുഹമ്മദ് ബഷീറിനെതിരെ എടക്കര പോലീസ് കഴിഞ്ഞ മാസം കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. അന്വേഷണ സംഘത്തിൽ എടക്കര ഇൻസ്പെക്ടർ എൻ.ബി. ഷൈജു, സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, എഎസ്ഐ വാസുദേവൻ, സീനിയർ സിപിഒ മാരായ സി.എ. മുജീബ്, സുജിത്ത്, അനൂപ്, സിപിഒ മാരായ സാബിർ അലി, ഷാഫി മരുത എന്നിവരും ഉണ്ടായിരുന്നു.
