NationalPolitics

പൂത്തുലഞ്ഞ് താമര; 3 സംസ്ഥാനങ്ങളില്‍ ബിജെപി; ‘കൈ’ നീട്ടി തെലങ്കാന; ഫലം ഒറ്റനോട്ടത്തില്‍

ഹിന്ദിഭൂമിയില്‍ വന്‍ മുന്നേറ്റവുമായി ബി.ജെ.പി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം പിടിച്ച ബി.െജ.പി മധ്യപ്രദേശില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. മധ്യപ്രദേശിലെ ഏഴില്‍ ആറ് മേഖലകളിലും ബി.ജെ.പി നേട്ടം കൊയ്തു. രാജസ്ഥാനില്‍ തുടര്‍ഭരണം നേടാമെന്ന ഗെലോട്ടിന്‍റെ പ്രതീക്ഷകള്‍ കെടുത്തി ബി.ജെ.പി മുന്നേറി. ഛത്തീസ്ഗഡില്‍ നിര്‍ണായക മേഖലകളില്‍ കാലിടറിയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. എക്സിറ്റ് പോളുകളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി ഛത്തീസ്ഗഢില്‍ ബിജെപിയുടെ നേട്ടം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ തെലങ്കാനമാത്രം കോണ്‍ഗ്രസിന് ആശ്വാസവിജയമായി

കാവിക്കോട്ടയായി മധ്യപ്രദേശ്

മധ്യപ്രദേശിനെ കാവിക്കോട്ടയാക്കി ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച. ഇതുവരെ ഫലം പുറത്തുവന്നതില്‍ 154 സീറ്റുകളില്‍ ബിജെപി വിജയിക്കുകയോ, ലീഡ് ചെയ്യുകയോ ചെയ്യുന്നു. ബഹുദൂരം പിന്നിലുള്ള കോണ്‍ഗ്രസിന് മഹാകോശല്‍ മേഖല മാത്രമാണ് ആശ്വാസം നല്‍കിയത്

കമല്‍ ജയിച്ചു. ബിജെപിയുടെ കമല്‍. കോണ്‍ഗ്രസിന്‍റെ കമലിന് ഇനിയൊരു ഉൗഴം ഏറെക്കുറെ അസാധ്യമാകും വിധം ആധികാരിക വിജയം. മധ്യപ്രദേശില്‍ നടന്നത് ത്രസിപ്പിച്ച പോരാട്ടമാണ്. ഇഞ്ചോടിഞ്ച് മല്‍സരമെന്ന പ്രവചനങ്ങളെ നിഷ്പ്രഭമാക്കി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ സമഗ്രാധിപത്യം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ പതിയെ ബിജെപി കത്തിക്കയറുകയായിരുന്നു. പിന്നാലെ ആഘോഷവും തുടങ്ങി. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനെ കാണാനെത്തി. നഗരമേഖലകള്‍ താമരപ്പാടമായി. ജാതി സെന്‍സസ് അടക്കം കോണ്‍ഗ്രസ് ഉയര്‍ത്തിയെങ്കിലും ഒബിസി വിഭാഗങ്ങള്‍ അടക്കം ബിജെപിക്കൊപ്പം ഉറച്ചുനിന്നു.

ഭരണവിരുദ്ധ വികാരവും വിമതശല്യവും അടക്കം പ്രതിസന്ധികള്‍ മൂലം ഒരുഘട്ടത്തില്‍ കൈവിട്ടുപോയ മല്‍സരം ബിജെപി തിരികെ പിടിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കസേരയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന ബിജെപി നേതാവാണ് ശിവ്‍രാജ് സിങ് ചൗഹാന്‍. ഇത് നാലാം ഉൗഴം. പക്ഷെ ഒരു മാറ്റമുണ്ടായാല്‍ കൊള്ളാം എന്ന തോന്നല്‍ ഒരു വിഭാഗം വോട്ടര്‍മാരിലുണ്ടായത് ബിജെപി നേതൃത്വം തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. മോദിയുടെ മുഖം. ശിവ്‍രാജിന്‍റെ പ്രയത്നം. സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചു. ലാഡ്‍ലി ബെഹ്ന യോജന അടക്കം സ്ത്രീ കേന്ദ്രീകൃതമായ സാമൂഹിക ക്ഷേമ പദ്ധതികള്‍ മാമാജിയെ തുണച്ചു. വിമതരെ അനുനയിപ്പിച്ച അമിത് ഷായുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്‍റ്. കേന്ദ്രമന്ത്രിമാരായ ഭുപേന്ദ്ര യാദവിനെയും അശ്വിനി വൈഷ്ണവിനെയും കളത്തിലിറക്കിയുള്ള സംഘാടനം. ചംമ്പല്‍ ഗ്വാളിയോര്‍ മേഖലയില്‍ തന്‍റെ കരുത്ത് തെളിയിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ ശരിക്കും വിയര്‍പ്പൊഴുക്കി.

കൈ’ നീട്ടി തെലങ്കാന

ഒരു പതിറ്റാണ്ടായ കെ. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെ തൂത്തെറിഞ്ഞ് തെലങ്കാനയില്‍ കോണ്‍ഗ്രസ് തേരോട്ടം. 119 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ് ലീഡുനില മുന്നേറുന്നു. 2014ല്‍ സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യമാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തുന്നത്. 8 സീറ്റില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിക്കും തെലങ്കാനയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.

പതിവ് തെറ്റിക്കാതെ രാജസ്ഥാന്‍

രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയെന്ന കോണ്‍ഗ്രസ് മോഹം പൊലിഞ്ഞു. ആകെയുള്ള 199 സീറ്റിൽ 114ലേറെ സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. വിജയത്തിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്ന് പ്രവർത്തകരും നേതാക്കളും. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നിൽ ആഭ്യന്തര കലഹങ്ങൾക്കിടയിലും കോൺഗ്രസിനെ തോൽപ്പിക്കാനായതിന്റെ ആവേശത്തിലാണ് ബിജെപി.

ഒരു പാർട്ടിക്കും അധികാര തുടർച്ച നൽകില്ലെന്ന കാൽനൂറ്റാണ്ടിലേറെയായുള്ള പതിവ് തെറ്റിക്കാതെ രാജസ്ഥാൻ. ആദ്യമണിക്കൂറുകളിലെ പോരാട്ടത്തിനപ്പുറം കോൺഗ്രസ്‌ ബിജെപിക്ക്‌ വെല്ലുവിളി ആയതേയില്ല. കേവലഭൂരിപക്ഷത്തിനുവേണ്ട 100 സീറ്റും മറികടന്ന് ബിജെപി കുതിച്ചു. രാജകുടുംബങ്ങളുടെയും കോട്ടകളുടെയും സംസ്ഥാനത്ത് ബിജെപി വിജയം ഏകപക്ഷീയമല്ല. ഗെലോട്ട് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ശക്തമായ പ്രതിപക്ഷമായിരിക്കാനെങ്കിലും കോൺഗ്രസിനെ തുണച്ചു.

ടോങ്കെന്ന സ്വന്തം തട്ടകത്തിൽ സച്ചിൻ പൈലറ്റ് ഏറെ വിയർത്താണ് മുന്നേറുന്നത്. വസുന്ധരെ രാജെ സിന്ധ്യയുടെ വിശ്വസ്തരെ മാറ്റി നിർത്തി എംപിമാരെ രംഗത്തിറക്കിയ തീരുമാനം ബിജെപിക്ക്‌ തെറ്റിയില്ല. കോൺഗ്രസിലെയും ബിജെപിയിലെയും സീറ്റ് കിട്ടാത്ത വിമതർ മൽസരിച്ചപ്പോൾ ഏതാനും സീറ്റുകളിൽ മുന്നേറി. ബിഎസ്പിക്ക്‌ കഴിഞ്ഞതവണത്തെ നേട്ടം നിലനിർത്താനായില്ലെങ്കിലും സാന്നിധ്യമാകാൻ കഴിഞ്ഞു. സിപിഎം സിറ്റിങ് സീറ്റുകളിൽ ഒന്നിൽ പിന്നിലാണ്. മറ്റൊന്നിൽ ലീഡ്. കോൺഗ്രസിനെ തോൽപ്പിച്ച് അധികാരത്തിലെത്തിയെങ്കിലും ബിജെപിക്ക് മുന്നോട്ടുള്ള പാത അത്ര സുഗമമാകില്ല. മുഖ്യമന്ത്രി മോഹികളുടെ എണ്ണം വളരെക്കൂടുതലാണ് രാജസ്ഥാനിൽ.

വലിയ ആവേശത്തിമിർപ്പിലാണ് രാജസ്ഥാനിലെ ബിജെപി. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും കൊടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഗെലോട്ടിന്റെ ജനക്ഷേമ പദ്ധതികൾക്ക് മോദി പ്രഭാവത്തെ മറികടക്കാൻ കഴിഞ്ഞില്ല. സച്ചിൻ പൈലറ്റുമായുള്ള പോരും വിനയായി. എതിർപ്പുള്ള നാല്പതോളം എംഎൽഎമാർക്ക് വീണ്ടും സീറ്റുകൾ നൽകിയതും ജനവികാരം എതിരാകാൻ കാരണമായി

ഛത്തീസ്ഗഡ് പിടിച്ച് ബിജെപി

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റി സംസ്ഥാനം പിടിച്ച് ബിജെപി. 90 ല്‍ 53 സീറ്റുമായി ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസിനെ പിന്‍തുണച്ചിരുന്ന മാവോയിസ്റ്റ് മേഖലയായ ബസ്തറും ദന്തേവാഡയും ഉള്‍പ്പെടെ കോണ്‍ഗ്രസിനെ കൈവിട്ടു. കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടായിരുന്ന സര്‍ഗുജ മേഖലയിലും കോണ്‍ഗ്രസിന് അടപതറി. പാടന്‍ മണ്ഡ‍ലത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ ലീഡ് ചെയ്യുന്നെങ്കിലും ലീഡു നിലനില മാറിമറിയുന്നുണ്ട്. അംബികാപൂരില്‍ ഉപമുഖ്യമന്ത്രി ടി എസി സിങ് ദിയോ പിന്നിലാണ്. ബിജെപിയുടെ മുന്‍മുഖ്യമന്ത്രി രമണ്‍ സിങ്് രാജ്നന്ദ്ഗാവില്‍ ലീഡു ചെയ്യുന്നു. ഛത്തീസ്ഗഡ് ജനത ഭൂപേഷ് ബാഗേലിന്റെ വാഗ്ദാനങ്ങള്‍ തള്ളിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ വിശ്വാസമര്‍പ്പിച്ചെന്നും ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button