kerala

മണ്ടന്‍ ബുദ്ധിയുമായി വന്നിരിക്കുന്നു; മൊഴി വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഗണേഷ്കുമാർ

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ പത്മകുമാറിന്റെ മൊഴി വിശ്വസിക്കാന്‍ കഴിയില്ലെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ. പ്രതിക്ക് അഞ്ചുകോടിയുടെ കടമുണ്ടെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. അങ്ങനെയൊരാള്‍ കടം തീര്‍ക്കാന്‍  സാധാരണക്കാരനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസിക്കാനാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. 

അഞ്ചു കോടി രൂപ കടമുള്ളയാൾ സാധാരണക്കാരന്‍റെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ചോദിച്ചത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കേരളത്തിലെ ഏതു കുറ്റകൃത്യമാണ് പിടിക്കപ്പെടാത്തത്. ഒരുപക്ഷേ ഇത് മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞില്ലായിരുന്നുവെങ്കില്‍ ആ കുടുംബം ഭയന്ന് പണം നല്‍കുമായിരുന്നു. എന്നാല്‍ സംഭവം പൊലീസും മാധ്യമങ്ങളും അറിഞ്ഞതോടെ കാര്യം പ്രതികളുടെ കൈവിട്ടുപോയി. കേരള പൊലീസ് കുട്ടിയെ കണ്ടെത്താന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. പൊലീസിനെ പോലെ തന്നെ മാധ്യമങ്ങളും വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു. വാര്‍ത്ത പുറത്തു പറഞ്ഞതും ഞാനാണ്. കാരണം പൊലീസ് അന്വേഷിക്കാൻ തുടങ്ങിയെങ്കിലും ജനങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ ഇത് ബ്ലോക്ക് ചെയ്യാൻ പറ്റൂ എന്ന് എനിക്കു മനസ്സിലായി. വാർത്ത വന്നാൽ കടകളിലും മറ്റും ആളുകൾ അലർട്ട് ആകും. അതിന് ഏറ്റവും നല്ലത് മാധ്യമങ്ങൾ ആണെന്നു തോന്നിയിട്ടാണ് ഞാൻ വാർത്തയാക്കണം എന്നു പറഞ്ഞത്. അപ്പോൾത്തന്നെ വാർത്തയായി. മാധ്യമങ്ങൾ രംഗത്തുവന്നതോടെ ജനങ്ങൾ ജാഗരൂകരായി. അതാണ് ഗുണം ചെയ്തതെന്ന് ഇന്ന് എഡിജിപിയും പറഞ്ഞിരുന്നു. 

ഇത്തരം മണ്ടന്‍ ബുദ്ധികളുമായി ആളുകള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാന്‍ ഇറങ്ങരുത്. ഈ മണ്ടത്തരത്തിനാണ് ഒരു വര്‍ഷം പ്ലാന്‍ ചെയ്തത്. ഇയാള്‍ എന്‍ജിനിയറിങ്ങിന് റാങ്ക് വാങ്ങിയെന്നൊക്കെയാണ് പറയുന്നത്. ഭാര്യ പറഞ്ഞാലും ഇത്തരം അബദ്ധം ചെയ്യാമോ? ഇതൊക്കെ ക്രിമിനല്‍ പ്രവര്‍ത്തനം അല്ലേ? ഭാര്യയല്ല, മക്കളല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button