National

പ്രതികളെ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി; ബില്‍ക്കീസ് ബാനോയ്ക്ക് നീതി

ബില്‍ക്കീസ് ബാനോ കൂട്ടബലാല്‍സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നാണംകെട്ട തിരിച്ചടി. 11 കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം രൂക്ഷവിമര്‍ശനത്തോടെ സുപ്രീംകോടതി റദ്ദാക്കി. ഇളവ് നൽകിയ തീരുമാനം ഗുജറാത്ത് സർക്കാരിന്‍റെ അധികാര ദുർവിനിയോഗമെന്ന് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് വിമര്‍ശിച്ചു. പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്രയ്ക്കാണ് ഇളവ് നല്‍കണോ എന്ന് തീരുമാനിക്കാനുള്ള അവകാശമെന്നും സുപ്രീംകോടതി വിധിച്ചു. പ്രതികള്‍ സുപ്രീംകോടതിയെ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും നിയമത്തെ അട്ടിമറിച്ച പ്രതികള്‍ അനുകമ്പ അര്‍ഹിക്കുന്നില്ലെന്നുമാണ് വിധിയില്‍ വ്യക്തമാക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

11 കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം തെറ്റെന്ന് തെളിയിച്ച് നിയമപോരാട്ടത്തില്‍ ബില്‍ക്കീസ് ബാനോവിന് വിജയം. കുറ്റകൃത്യം നടന്ന സംസ്ഥാനത്തില്ല , ശിക്ഷ വിധിച്ച സംസ്ഥാത്തിനാണ് ഇളവ് നല്‍കാന്‍ അവകാശമെന്ന് വ്യക്തമാക്കിയാണ് ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവാളികളെ വിട്ടയച്ചത് സുപ്രീംകോടതി റദ്ദാക്കിയത്. സുപ്രീം കോടതി ഉത്തരവിനെ തെറ്റായി ഗുജറാത്ത് സർക്കാർ വ്യാഖ്യാനിച്ചാണ് പ്രതികള്‍ക്ക് മോചനം നല്‍കിയതെന്ന് ജസ്റ്റീസ് ബി വി നാഗരത്നയുടെ സുപ്രധാനവിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ച ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് രൂക്ഷവിമര്‍ശനം.

ജനാധിപത്യത്തിൽ നിയമ വാഴ്ച നിലനിൽക്കണം, നിയമ വാഴ്ചയില്ലെങ്കിൽ സമത്വമില്ല. സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു, ഇരയുടെ അവകാശം നടപ്പാക്കണമെന്നും കോടതി വിശദീകരിച്ചു. പ്രതികളില്‍ ഒരാളായ ഭഗവന്‍ദാസ് ഷായുടെ മോചനത്തിന് സുപ്രീംകോടതിയെ അയാള്‍ സമീപിച്ചത് തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചാണ്. നിയമത്തെ അട്ടിമറിച്ച കുറ്റവാളികളെ ജയിലിലേക്ക് തിരികെ അയച്ചേ മതിയാവൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കകം 11 േപരും ജയിലില്‍ കീഴടങ്ങണം. വിചാരണ നടന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇളവിന് അപേക്ഷിക്കുക മാത്രമാണ് ഇനി പ്രതികള്‍ക്ക് മുന്‍പിലുള്ള ഏക മാര്‍ഗം. എന്നാല്‍ ഹീനമായ കുറ്റകൃത്യത്തില്‍ പ്രതികള്‍ക്ക് മോചനം ഏളുപ്പമാവില്ല. ഗുജറാത്ത് കലാപകാലത്ത് ഗര്‍ഭിണിയായിരിക്കെയാണ് 20കാരിയായ ബില്‍ക്കീസ് ബാനോയെ പ്രതികള്‍ കൂട്ടബലാല്‍സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകളെ ഉള്‍പ്പടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button