National

മഹായാഗത്തിനൊരുങ്ങി അയോധ്യ; 1008 കുടിലുകള്‍; 21,000 പൂജാരിമാര്‍

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനു മുന്നോടിയായി ‘രാമനാമ മഹായാഗം’ നടക്കും. ഈ മാസം 14 മുതല്‍ 25 വരെ സരയൂ നദിയുടെ തീരത്ത് 1008 ശിവലിംഗങ്ങള്‍ പൂജിക്കുകയും തുടര്‍ന്ന് സരയൂനദിയില്‍ നിമജ്‍ജനം ചെയ്യുന്നതിന്‍റെയും ഭാഗമായാണ് യാഗം നടത്തുന്നത്. യാഗത്തിനായി 21,000 പൂജാരിമാര്‍ നേപ്പാളില്‍ നിന്നെത്തുമെന്നാണ് റിപ്പോര്‍ട്ട്. ശിവലിംഗങ്ങള്‍ സ്ഥാപിക്കുന്നതിനായി 1008 കുടിലുകള്‍ നദീതീരത്ത് സജ്ജമാക്കി. ഇതിന് പുറമെ 11 തട്ടുകളുളള വലിയ യാഗ മണ്ഡപവും ഒരുക്കിക്കഴിഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച് സരയൂ നദീതീരത്ത് 100 ഏക്കറില്‍ ഒരു കൂടാര നഗരം തന്നെ സ്ഥാപിച്ചിട്ടുണ്ട്. രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 2 കിലോമീറ്റര്‍ ദൂരത്തിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. നേപ്പാളി ബാബയെന്നറിയപ്പെടുന്ന ആത്മാനന്ദ് ദാസ് മഹാത്യാഗിയുടെ നേതൃത്വത്തിലാണ് മഹായാഗം നടക്കുക. എല്ലാ വര്‍ഷവും മകര സംക്രാന്തിയോടനുബന്ധിച്ച് താന്‍ മഹായാഗം നടത്താറുണ്ടെന്നും എന്നാല്‍ ഈ വര്‍ഷം രാമ ക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് മുന്നില്‍ കണ്ടുകൊണ്ടാണ് മഹായാഗം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിനെത്തുന്ന അരലക്ഷത്തോളം ഭക്തര്‍ക്ക് താമസസൗകര്യവും പ്രതിദിനം ഒരു ലക്ഷം ഭക്തര്‍ക്കെന്ന കണക്കില്‍ ഭക്ഷണം നല്‍കാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സംഘാടകര്‍ പറയുന്നു. യാഗത്തിനായി സൂറത്തിലെ വസ്ത്രവ്യാപാരികള്‍ 31,500 കിലോ നെയ്യാണ് സംഭാവന നല്‍കാനൊരുങ്ങുന്നത്. 25 ന് യാഗം പൂര്‍ത്തിയാകുന്നതിന് പിന്നാലെ 1008 ശിവലിംഗങ്ങളും സരയൂവില്‍ നിമജ്ജനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button