crimeNational

ചവണ പഴുപ്പിച്ച് പൊള്ളിച്ചു; മുളക് ചുട്ട പുക ശ്വസിപ്പിച്ചു; കുഞ്ഞുങ്ങള്‍ നേരിട്ടത് ക്രൂരപീഡനം

മധ്യപ്രദേശില്‍ പെണ്‍കുട്ടികള്‍ക്കുള്ള അനാഥാലയത്തില്‍ അന്തേവാസികള്‍ക്ക് കൊടിയ പീഡനം. വനിതാ–ശിശുക്ഷേമ വകുപ്പ് നടത്തിയ റെയ്ഡിലാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആകെയുള്ള 25 കുട്ടികളില്‍ 21 പേര്‍ പരിശോധനാസമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ടുപേരുടെ ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. ചുട്ടുപഴുത്ത ചവണ കൊണ്ടാണ് പൊള്ളിച്ചതെന്ന് കുട്ടികള്‍ മൊഴി നല്‍കി. മറ്റുചില കുട്ടികളെ മുളക് ചുട്ട പുക ശ്വസിപ്പിച്ചെന്നും പരാതിയുണ്ട്. ദിവസം മുഴുവന്‍ പട്ടിണിക്കിടാറുണ്ടെന്നും ഒരു കുട്ടി പറഞ്ഞു.

അനാഥാലയത്തിലെ കുട്ടികള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനെത്തിയ ചിലര്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിവരങ്ങള്‍ പിന്തുടര്‍ന്നാണ് ശിശുക്ഷേമ വകുപ്പ് പരിശോധന നടത്തിയത്. കുട്ടികളെ മറ്റ് സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി അനാഥാലയം സീല്‍ ചെയ്തെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ പല്ലവി പൊര്‍വാള്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് കലക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയെന്നും അവര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡോര്‍ പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button