Spot Light

കാർട്ടൂൺ കാണുന്നതിനിടെ ഹൃദയാഘാതം; അഞ്ചുവയസ്സുകാരി മരിച്ചു

മൊബൈൽ ഫോണിൽ കാർട്ടൂൺ കാണുന്നതിനിടെ ഹൃദയാഘാതം മൂലം അഞ്ചുവയസ്സുകാരി മരിച്ചു. യുപിയിലെ അംരോഹ ജില്ലയിലെ ഹസൻപൂർ കോട്വാലിയിലെ ഹതൈഖേഡയിലാണ് സംഭവം. അമ്മയുടെ സമീപം കട്ടിലിൽ കിടന്ന് കാര്‍ട്ടൂണ്‍ കാണുകയായിരുന്നു കുട്ടി. പെട്ടെന്ന് കുട്ടി ബോധരഹിതയാകുകയും കൈയ്യില്‍ നിന്ന് മൊബൈല്‍ താഴെ വീഴുകയുമായിരുന്നു. വീട്ടുകാര്‍ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പെൺകുട്ടി ഹൃദയാഘാതം മൂലമാകാം മരിച്ചതെന്നാണ് ഹസൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റര്‍ ഇൻചാർജ് ഡോ. ധ്രുവേന്ദ്ര കുമാർ പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടു നല്‍കാന്‍ കുടുംബത്തോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം അനുവാദം നല്‍കിയില്ല. ഹൃദയാഘാതം മൂലമാണോ അതോ മറ്റെന്തെങ്കിലും അസുഖം മൂലമാണോ കുട്ടി മരിച്ചതെന്ന് അന്വേഷിക്കണമെന്ന് അംരോഹ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സത്യപാൽ സിംഗ് ആവശ്യപ്പെട്ടു.

എന്നാല്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ മരണം സംഭവിക്കുന്നത്. അംറോഹ, ബിജ്‌നോർ ജില്ലകളിലായി കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്തോളം കുട്ടികളും യുവാക്കളും സമാനമായ രീതിയിൽ ഹൃദയാഘാതം മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ 16 കാരനും ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് 12 കാരിയും മരിച്ചിരുന്നു. തണുത്ത കാലാവസ്ഥ കാരണം ഹൃദയാഘാതം സാധാരണമായേക്കാമെന്നും ഓക്സിജന്‍റെ അളവും രക്തസമ്മർദ്ദവും കുറയുമെന്നും എല്ലാവരും തണുപ്പില്‍ നിന്ന് സ്വയം പ്രതിരോധിക്കണമെന്നും സീനിയർ ഫിസിഷ്യൻ ഡോ. രാഹുൽ ബിഷ്‌നോയ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button