kerala

മീന്‍ പിടിക്കാന്‍ പോയ മകന്‍ കടലില്‍ മറഞ്ഞു; 40നാളായി കാത്തിരിപ്പില്‍ മാതാപിതാക്കള്‍

കടലിൽ കാണാതായ മകനെ 40 ദിവസമായി കാത്തിരിക്കുന്ന മാതാപിതാക്കൾ . ആലപ്പുഴ കാട്ടൂർ കൂട്ടുങ്കൽ കെ.പി തോമസിന്‍റെയും റീത്താമ്മയുടെയും മകൻ ബിനുവിനെയാണ് മൽസ്യബന്ധനത്തിനിടെ കടലിൽ കാണാതായത്. ഇതുവരെയും സർക്കാരിന്‍റെ സഹായമൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല.

സങ്കടം തിരയടിക്കുകയാണ് ഇവരുടെ ഉള്ളിൽ . മകൻ ബിനുവിനെ ഡിസംബർ 14 നാണ് ബേപ്പൂർ കടലിൽ കാണാതായത്. കൊച്ചിയിൽ നിന്നുള്ള ഗലീലിയ എന്ന ബോട്ടിലാണ് 21 പേർക്കൊപ്പം ബിനു മൽസ്യം പിടിക്കാൻ പോയത്. കടലിൽ വീഴുന്നത് കൂടെയുണ്ടായിരുന്നവരെല്ലാം കണ്ടു. രണ്ടു ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീടിന്‍റെ ഏക ആശ്രയമായിരുന്നു ബിനു. ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല തോമസും റീത്താമ്മയും.

കുടുംബസ്വത്തായി കിട്ടിയതാണെങ്കിലും 40 വർഷമായി പട്ടയത്തിനായി കയറിയിറങ്ങി നടക്കുകയാണ്. വീട് വച്ച ശേഷം കല്യാണം മതിയെന്ന് അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നു.

ഇതുവരെയും സർക്കാരിൽ നിന്ന് ഒരു സഹായവും കിട്ടിയില്ല. മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്. അത് ഇതുവരെ നൽകിയിട്ടില്ല. കാണാതായ ഒരാളെ മരിച്ചതായി പ്രഖ്യാപിക്കാൻ 7 വർഷം കഴിയണം. അതിനുശേഷമേ ആശ്രിതർക്കു സഹായം കിട്ടു. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നമെങ്കിലും യാഥാർത്ഥ്യമാകണമെന്നാണ് ഇപ്പോൾ ഇവരുടെ ആഗ്രഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button