NationalSpot Light

ലോകത്തേറ്റവും അധികം ദിനോസറുകളുണ്ടായിരുന്നത് ഇന്ത്യയിലോ! 256 മുട്ടകള്‍ കണ്ടെത്തി; അമ്പരപ്പ്

ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലോ എന്ന സംശയം ബലപ്പെടുത്തുന്ന കണ്ടെത്തലുകളുമായി ശാസ്ത്രലോകം. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. മുട്ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. 66 ദശലക്ഷം (6.6 കോടി)വര്‍ഷങ്ങള്‍ ഈ ഫോസിലുകള്‍ക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഓരോ മുട്ടയ്ക്കും 15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുണ്ട്. ഓരോ കൂട്ടിലും 20 മുട്ടവരെയും ദിനോസറുകള്‍ സൂക്ഷിച്ചിരുന്നു. ചില മുട്ടകളില്‍ വിരിയാന്‍ വച്ചതിന്‍റെ ശേഷിപ്പുകളുണ്ടായിരുന്നു. ചിലതില്‍ അത് കണ്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഡെക്കാന്‍ ട്രാപ്പിനോട് ചേര്‍ന്ന് കിടക്കുന്ന ലമെറ്റ ഫോര്‍മേഷന്‍ (ലമെറ്റ ശിലാക്രമം) പ്രദേശത്താണ് ദിനോസറുകളുടെ മുട്ടകള്‍ വന്‍തോതില്‍ കണ്ടെത്തിയത്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലാണ് ലമേറ്റ ശിലാക്രമം ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഈ ശിലാക്രമത്തിലുള്ള സ്ഥലങ്ങളില്‍ നിന്നും സസ്തനികളുടെയും ഉരഗങ്ങളുടെയും മറ്റ് ജീവികളുടെയും ഫോസിലുകള്‍ മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. ദിനോസറുകള്‍ ലോകത്തില്‍ നിന്ന് വംശനാശം സംഭവിക്കുന്നതിന് മുന്‍പ്, പരിണാമത്തിലെ അവസാനദശയില്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം.

dinosaur-egg-mp-local-30
ചിത്രം: X (twitter)
മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്നും ഗുജറാത്തിലെ ബലാസിനോറില്‍ നിന്നും നേരത്തെയും ദിനോസറുകളുടെ മുട്ട കണ്ടെത്തിയിരുന്നു. ധറില്‍ ദിനോസറുകളുടെ മുട്ട മുന്‍പ് കണ്ടെത്തിയിരുന്നുവെങ്കിലും നാട്ടുകാര്‍ ഇത് ദിനോസറിന്‍റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പകരം വിശുദ്ധ കല്ലുകളായി കണ്ട് കുലദേവതയെന്ന് പ്രതിഷ്ഠിച്ച് ആരാധിച്ച് വന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ കൃഷിയെയും കന്നുകാലിയെയും പരിപാലിക്കുന്നത് ഈ ‘കകാര്‍ ഭൈരവ്’ ആണെന്നായിരുന്നു അവരുടെ വിശ്വാസം. ഗവേഷകരുടെ പഠനത്തോട് ആദ്യം ഗ്രാമീണര്‍ സഹകരിച്ചില്ലെങ്കിലും പിന്നീട് സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ലാബില്‍ അയച്ച് ഇവ പരിശോധിച്ചത്. ഗവേഷകരുടെ കണ്ടെത്തല്‍ മധ്യപ്രദേശിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയ്ക്കും പുതിയ ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button