keralaPolitics

മൂന്നുസീറ്റുകളില്‍ മല്‍സരിച്ച ചരിത്രം; മൂന്നാം സീറ്റ് അവകാശവാദവുമായി ലീഗ്

മുസ്​ലീം ലീഗിന്‍റെ മൂന്നാം സീറ്റ് അവകാശവാദം ചര്‍ച്ചയാകുബോള്‍ മുന്‍പും ലീഗ് മൂന്ന് ലോക്സഭ സീറ്റുകളില്‍ മല്‍സരിച്ച ചരിത്രമാണ് നേതൃത്വം ഓര്‍മിപ്പിക്കുന്നത്. ഇതുവരെ നടന്ന എല്ലാ ലോക്സഭ തിരഞ്ഞെടുപ്പുകളിലും കേരളത്തില്‍ നിന്ന് ഒരു പാര്‍ലമെന്‍റ് അംഗത്തെയെങ്കിലും അയച്ച ഏക രാഷ്ട്രീയ പാര്‍ട്ടിയും മുസ്​ലീം ലീഗാണ്.
1957ല്‍ മുസ്​ലീം ലീഗ് മല്‍സരിച്ചത് മൂന്നു ലോക്സഭ സീറ്റുകളില്‍. പാലക്കാട് നിന്ന് ടി. മുഹമ്മദ് ഇസ്മായിലും മലപ്പുറത്ത് നിന്ന് നിന്ന് വി പോക്കറും കോഴിക്കോട് നിന്ന് സീതീസാഹിബും സ്ഥാനാര്‍ഥികളായി. മുന്നണി സംവിധാനമില്ലാത്തതുകൊണ്ട് ലീഗ് തനിച്ചായിരുന്നു മല്‍സരിച്ചത്. വി പോക്കര്‍ മാത്രമാണ് അന്ന് ലീഗില്‍ നിന്ന് പാര്‍ലമെന്‍റ് അംഗമായത്. 1962ലും മൂന്നു സീറ്റുകളില്‍ മുന്നണിയില്ലാതെ തനിച്ചു മല്‍സരിച്ചു. സിഎച്ച് മുഹമ്മദ് കോയ കോഴിക്കോട് നിന്നും ഖാഇദെ മില്ലത്ത് മഞ്ചേരിയില്‍ നിന്നും കെ.എ അലിക്കുഞ്ഞി പൊന്നാനിയില്‍ നിന്നും ജനവിധി തേടി.

സിഎച്ചും ഖാഇദെ മില്ലത്തും വിജയിച്ചതോടെ രണ്ടാം പോരാട്ടത്തില്‍ ലീഗിന് രണ്ട് എംപിമാരായി. 1989ല്‍ യുഡിഎഫ് സംവിധാനത്തിന്‍റെ ഭാഗമായി തന്നെ മുസ്​ലീം ലീഗ് കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ മൂന്നാമത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. എപി അബ്ദുല്ലയായിരുന്നു ലീഗ് സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസിനുളളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‍റെ ഭാമായി അവസാന നിമിഷം കാസര്‍കോട്ടെ ലീഗ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടി വന്നു. 1991 പൊതുസമ്മതനെ മല്‍സരിപ്പിക്കാനുളള നീക്കത്തിന്‍റെ ഭാഗമായി ലീഗിന് കൂടി താല്‍പര്യമുളള എം. രത്നസിങ്ങിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കി. വടകരയില്‍ മല്‍സരിച്ചത് ലീഗിന്‍റെ മാത്രം സ്ഥാനാര്‍ഥി അല്ലെങ്കില്‍ പോലും കോലീബി സംഖ്യം എന്ന പഴി ലീഗ് അന്നും ഇന്നും കേള്‍ക്കുന്നുണ്ട്.

യുഡിഎഫ് സംവിധാനത്തിന്‍റെ ഭാഗമായി ഇതു വരെ മൂന്ന് മുസ്​ലീം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് കേരളത്തില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് മല്‍സരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണവും ജയിക്കുന്ന സീറ്റും തമ്മിലുളള അനുപാതം പരിശോധിച്ചാല്‍ ലീഗിന് ഇനിയും കൂടുതല്‍ അവകാശവാദത്തിന് അര്‍ഹതയുണ്ടന്നാണ് നേതൃത്വത്തിന്‍റെ വിശ്വാസം. എന്നാല്‍ കോണ്‍ഗ്രസുമായുളള മുന്നണിബന്ധം പരിഗണിച്ചാണ് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് എല്ലാ തിരഞ്ഞെടുപ്പുകളിലും പിറകോട്ടു പോവാറുളളത്. കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി കൂടി മല്‍സരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഇപ്രാവശ്യവും മൂന്നാം സീറ്റ് ചോദിക്കുമെങ്കിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ലീഗ് തയാറായേക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button