Business

5ജിയിലേക്ക് വരൂ… രാജ്യത്തെ 2ജി, 3ജി സേവനങ്ങൾ അവസാനിപ്പിക്കണമെന്ന് റിലയൻസ് ജിയോ

കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ 5ജി ഇക്കോസിസ്റ്റം കൺസൾട്ടേഷൻ പേപ്പറിന് മറുപടിയായാണ് ജിയോ ഇക്കാര്യം ആവശ്യപ്പെട്ടത്. വിഐയും ജിയോയുടെ നയത്തോട് യോജിച്ചുവെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ 2ജി, 3ജി സേവനങ്ങൾ അവസാനിപ്പിച്ച് 5ജിയെ പ്രോത്സാഹിപ്പിക്കണമെന്ന് റിലയൻസ് ജിയോ. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ 5ജി ഇക്കോസിസ്റ്റം കൺസൾട്ടേഷൻ പേപ്പറിന് മറുപടിയായാണ് ജിയോ ഇക്കാര്യം ആവശ്യപ്പെട്ടത്. വിഐയും ജിയോയുടെ നയത്തോട് യോജിച്ചുവെന്നാണ് റിപ്പോർട്ട്.

ഇനി 2ജി വേണ്ട, 3 ജിയും വേണ്ട. 5ജിക്കായിരിക്കണം ഒന്നാം പരിഗണന, കൂട്ടിന് 4ജിയും… എന്നാണ് റിലയൻസ് ജിയോ പറയുന്നത്. 2ജി നിലനിർത്താൻ ചെലവാക്കുന്ന പണവും ലാഭം, ആ സ്പെക്ട്രവും മറ്റ് ആവശ്യങ്ങൾക്കായി തുറന്ന് കിട്ടുകയും ചെയ്യുമെന്നതാണ് ജിയോയുടെ ന്യായം. 2ജിയുള്ളടുത്തോളം കാലം കുറേപ്പേർ അതിൽ തുടരും. 2 ജി പോകുമ്പോൾ കൂടുതൽ മെച്ചപ്പെട്ട 5 ജിയിലേക്ക് ആളുകൾ മാറുമെന്നും കമ്പനി സമർത്ഥിക്കുന്നു. സ്വന്തമായി 2ജി നെറ്റ്‍വർക്കില്ലാത്ത ജിയോ ഇനി 2 ജിയേ വേണ്ട എന്ന് പറയുന്നതിന് വ്യക്തമായ കാരണമുണ്ട്. ജിയോക്ക് നിലവിൽ 4ജി നെറ്റ്‍വർക്കിൽ നിന്ന് 2 ജിയിലേക്കുള്ള ഫോൺ വിളികൾ സാധ്യമാക്കാൻ അടക്കം പ്രത്യേക സംവിധാനങ്ങൾ നിലനിർത്തേണ്ടി വരുന്നുണ്ട്.

ഒരു കമ്പനിയുടെ സബ്സ്ക്രൈബർ മറ്റൊരു കമ്പനിയുടെ സബ്സ്ക്രൈബറെ വിളിക്കുമ്പോൾ ആദ്യ സർവ്വീസ് പ്രൊവഡർ രണ്ടാം സർവ്വീസ് പ്രൊവൈഡർക്ക് ഒരു നിശിച്ചിത തുക നൽകേണ്ടതായിട്ടുണ്ട്. ഒരു മിനുട്ടിന് ഇരുപത് പൈസയിൽ താഴെയാണ് ഈ തുകയെങ്കിലും ലക്ഷകണക്കിന് ഫോൺ വിളികൾ ഒരു ദിവസം തന്നെ നടക്കുന്ന രാജ്യത്ത് സർവ്വീസ് പ്രൊവഡർമാരെ സംബന്ധിച്ചടുത്തോളം ഇത് അത്ര മോശമല്ലാത്ത ഒരു തുകയാണ്. ജിയോയുടെ അതേ അഭിപ്രായമാണ് ലക്ഷകണക്കണിന് 2ജി വരിക്കാരുള്ള വിഐക്കും ഉള്ളത്. പക്ഷേ രാജ്യത്തെ രണ്ടാമത്തെ എറ്റവും വലിയ നെറ്റ്വർക്ക് ഓപ്പറേറ്ററായ എയർടെല്ലിന് ഈ നിർദ്ദേശത്തോട് യോജിപ്പില്ല. 2ജിയിൽ നിന്ന് ഇപ്പോഴും വരുമാനമുണ്ടെന്നാണ് എയർടെല്ലിന്റെ പക്ഷം.

കഴിഞ്ഞ വർഷം ട്രായ് പുറത്തിറക്കിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ത്രൂ 5 ജി എക്കോസിസ്റ്റം കൺസൾട്ടേഷൻ പേപ്പറിനോടുള്ള മറുപടിയായാണ് ജിയോ 2ജി പൂട്ടിക്കെട്ടാൻ മാർഗനിർദ്ദേശം തയ്യാറാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. എയർടെൽ ഔദ്യോഗികമായൊരു മറുപടി നൽകിയിട്ടില്ല. 2ജിയും 3ജിയും ഇല്ലാതായാൽ ബുദ്ധിമുട്ടിലാകുന്നത് പാവപ്പെട്ടവരും, ഗ്രാമീണ മേഖലകളിലെ മൊബൈൽ യൂസർമാരുമായിരിക്കും. വളരെ ചെറിയ തുകയ്ക്ക് എളുപ്പത്തിൽ വാങ്ങാൻ പറ്റുന്ന 2 ജി ഹാൻഡ്സെറ്റുകൾ ഉപയോഗിക്കുന്നവരാണ് ഏറെയും. ഒരു മൊബൈൽ വാങ്ങിയാൽ അത് കേടാകും വരെ ഉപയോഗിക്കുന്ന ശീലമുള്ളവർ. ഒറ്റയടിക്ക് നിലവിലെ ഡിവൈസുകൾ ഉപയോഗശൂന്യമാകുന്ന സാഹചര്യം പലർക്കും സാമ്പത്തിക ബാധ്യതയായിരിക്കും. ഉപയോഗശൂന്യമായ ഡിവൈസുകൾ സൃഷിക്കുന്ന ഈ വേസ്റ്റ് പ്രതിസന്ധിയെയും നേരിടേണ്ടി വരും. ആഗോള തലത്തിൽ പക്ഷേ 2 ജിക്ക് മരണമണി മുഴങ്ങിക്കഴിഞ്ഞു. അമേരിക്കയടക്കം രാജ്യങ്ങൾ 2ജി നിർത്തുന്നതിന് തീയതി പ്രഖ്യാപിച്ച് അതിലേക്കാവശ്യമായ നടപടികൾ തുടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button