crime

ആദ്യഭാര്യയ്ക്കൊപ്പം നാടുവിടാന്‍ ഭാര്യയെയും പ്രതിശുത വധുവിനെയും കൊന്ന അധ്യാപകന്‍

മൂന്ന് സ്ത്രീകള്‍. രണ്ടുപേര്‍ ഭാര്യമാര്‍. മൂന്നാമത്തെയാള്‍ പ്രതിശ്രുത വധു. ഭര്‍ത്താവും പ്രതിശ്രുതവരനും ഒരേയാള്‍ തന്നെയായിരുന്നു എന്നറിയാത്ത ഈ മൂന്ന് സ്ത്രീകളില്‍ രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. സ്വാധീനമുള്ള കുംടുംബത്തിലെ അംഗമായതുകൊണ്ടുമാത്രം മൂന്നാമത്തെയാള്‍ രക്ഷപെട്ടു. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് കുരുതികള്‍ അരങ്ങേറിയത്. നിയമം പഠിച്ച, അധ്യാപകനായ, എല്ലാവരോടും നന്നായി പെരുമാറിയിരുന്ന നാല്‍പതുകാരനാണ് കാമുകിയുമായി വിദേശത്തേക്ക് കടക്കാന്‍ സീരിയല്‍ കില്ലറായത്.

2021 ഒക്ടോബറില്‍ പട്യാല പൊലീസിന് ലഭിച്ച ഒരു പരാതിയില്‍ നിന്നാണ് തുടക്കം. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് മകളെ കാണാനില്ലെന്നുപറഞ്ഞ് പിതാവാണ് പരാതിയത്. 28 വയസുള്ള ചുപീന്ദര്‍ പാല്‍ കൗര്‍ പ്രതിശ്രുത വരന്‍ നവ്‍നീന്ദര്‍ പ്രീത്പാല്‍ സിങ്ങിനെ കാണാന്‍ പോയശേഷം മടങ്ങിവന്നില്ല എന്നായിരുന്നു പരാതി. നവ്‍നീന്ദറിനൊപ്പം ഷോപ്പിങ്ങിനുപോകുന്നു എന്നുപറഞ്ഞാണ് ചുപീന്ദര്‍ വീട്ടില്‍ നിന്ന് പോയത്. ഏറെ നേരം കഴിഞ്ഞും മകളെ ഫോണില്‍ കിട്ടാതായപ്പോള്‍ പിതാവ് നവ്നീന്ദറെ വിളിച്ചു. ചുപീന്ദര്‍ തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും നിസാരകാര്യത്തിന് വഴക്കുണ്ടാക്കി ഇറങ്ങിപ്പോയെന്നുമായിരുന്നു മറുപടി. കുടുംബം ഇത് വിശ്വസിക്കുകയും ചെയ്തു.

punjab-double-murder-accused
നവ്നീന്ദറിന്റെ മൊഴിയില്‍ പൊലീസിന് പൂര്‍ണവിശ്വാസം ഉണ്ടായിരുന്നില്ല. ചുപീന്ദറിന്റെ കുടുംബത്തോട് നവ്നീന്ദര്‍ പറഞ്ഞത് കളവാണെന്ന് പൊലീസ് സംശയിച്ചു. ദീര്‍ഘനേരത്തെ ചോദ്യംചെയ്യലിനൊടുവില്‍ നവ്നീന്ദര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ചുപീന്ദറിനെ ഒഴിവാക്കാന്‍ കൊലപ്പെടുത്തി കനാലില്‍ ഒഴുക്കിയെന്ന് അയാള്‍ പറഞ്ഞു. മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലീസ് വീണ്ടും നവ്നീന്ദറെ ചോദ്യംചെയ്തു. ഒടുവില്‍ അയാള്‍ സത്യം വെളിപ്പെടുത്തി. ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം നവ്നീന്ദര്‍ ചുപീന്ദറുമായി തന്റെ വീട്ടിലെത്തി. വിവാഹസമയത്ത് മുഖത്തിന്റെ തിളക്കം കൂട്ടാന്‍ നൈട്രജന്‍ നല്ലതാണെന്ന് ചുപീന്ദറിനെ വിശ്വസിപ്പിച്ചു. വീട്ടില്‍ ഒരുക്കിവച്ച നൈട്രജന്‍ മാസ്ക് ചുപീന്ദറിന്റെ മുഖത്ത് ഘടിപ്പിച്ചു. ശ്വാസംമുട്ടിയപ്പോള്‍ ബലംപ്രയോഗിച്ച് മാസ്ക് മുഖത്തോട് ചേര്‍ത്തുവച്ചു. മിനിറ്റുകള്‍ക്കകം ചുപീന്ദര്‍ മരിച്ചു. മൃതദേഹം സ്വന്തം കിടപ്പുമുറിയില്‍ കുഴിയെടുത്ത് അടക്കം ചെയ്തുവെന്ന നവ്നീന്ദറിന്റെ വെളിപ്പെടുത്തല്‍ പൊലീസുകാരെപ്പോലും ഞെട്ടിച്ചു.

punjab-double-murder-probe
എന്തിനായിരുന്നു കൊലപാതകം എന്ന ചോദ്യമാണ് നവ്നീന്ദര്‍ എന്ന സീരിയല്‍ കില്ലറിലേക്കുള്ള വഴിതെളിച്ചത്. ചുപീന്ദറുമായി വിവാഹം നിശ്ചയിക്കുന്നതിന് മുന്‍പുതന്നെ നവ്നീന്ദര്‍ വിവാഹിതനായിരുന്നു. ഇയാള്‍ നടത്തിയിരുന്ന ഐഇഎല്‍ടിഎസ് (IELTS) കോച്ചിങ് സെന്ററില്‍ വച്ച് പരിചയപ്പെട്ട സംഗ്‍രൂര്‍ സ്വദേശി സുഖ്പ്രീത് കൗറായിരുന്നു നവ്നീന്ദറിന്റെ ഭാര്യ. വിവാഹത്തിനുശേഷം ഇയാള്‍ സുഖ്പ്രീതിനോട് പറഞ്ഞത് തന്റെ കുടുംബത്തിന് വിവാഹത്തില്‍ തൃപ്തിയില്ല അതുകൊണ്ട് വെവ്വേറെ സ്ഥലങ്ങളില്‍ താമസിക്കണം എന്നായിരുന്നു. സുഖ്പ്രീത് ഗര്‍ഭിണിയായപ്പോള്‍ ഒന്നിച്ചുതാമസിക്കാന്‍ നിര്‍ബന്ധിച്ചു. നവ്നീന്ദര്‍ സമ്മതിച്ചു. എന്നാല്‍ ഒരുമിച്ച് താമസിച്ചുതുടങ്ങി ഒരുമാസം കഴിഞ്ഞപ്പോള്‍ സുഖ്പ്രീത് മരിച്ചു. ഹൃദയാഘാതമെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അവര്‍ക്കൊപ്പം ഇയാള്‍ സുഖ്പ്രീതിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു. നൈട്രജന്‍ ഉപയോഗിച്ചാണ് സുഖ്പ്രീതിനെയും കൊലപ്പെടുത്തിയത്.

ഒടുവില്‍ രണ്ട് കൊലപാതകങ്ങളുടെയും യഥാര്‍ഥ കാരണം നവ്നീന്ദര്‍ പൊലീസിനോട് വെളിപ്പെടുത്തി. 2018ല്‍ത്തന്നെ ഇയാള്‍ പട്യാല സ്വദേശിയായ ലഖ്‍വിന്ദര്‍ കൗര്‍ എന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. ലഖ്‍വിന്ദറിന്റെ പിഎച്ച്ഡി പഠനത്തിനിടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായി. കുറേക്കാലം മൂന്ന് ബന്ധങ്ങളും ഇയാള്‍ സുഗമമായി കൊണ്ടുപോയി. എന്നാല്‍ ഒരുഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തോന്നിയതോടെ ലഖ്‍വിന്ദറുമായി വിദേശത്തേക്ക് പോയി സമാധാനത്തോടെ ജീവിക്കാന്‍ തീരുമാനിച്ചു. ലഖ്‍വിന്ദറിന്റെ കുടുംബം സമ്പന്നരും സ്വാധീനമുള്ളവരുമായതുകൊണ്ട് അവരെ അപകടപ്പെടുത്തിയാല്‍ പിടിവീഴുമെന്ന ആശങ്കയും നവ്ന‍ീന്ദറിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് മറ്റുരണ്ടുപേരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്.

ചുപീന്ദറിന്റെ മൃതദേഹം മറവുചെയ്യാന്‍ സഹായിച്ച നവ്നീന്ദറിന്റെ പിതാവ് ബല്‍വന്ദ് സിങ്ങിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുമ്പോള്‍ 84 വയസുണ്ടായിരുന്ന ബല്‍വന്ദ് സിങ് കരസേനയില്‍ ലഫ്റ്റനന്റ് കേണലായി വിരമിച്ചയാളാണ്. കൂടുതല്‍ അന്വേഷണത്തില്‍ മാസങ്ങള്‍ നീണ്ട തയാറെടുപ്പിനൊടുവിലാണ് നവ്നീന്ദര്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് വ്യക്തമായി. സീരിയല്‍ കില്ലര്‍മാരെക്കുറിച്ചുള്ള സിനിമകളും പരമ്പരകളും കാണാനും വേദനയില്ലാതെ മരിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഗൂഗിളില്‍ തിരയാനുമെല്ലാം ഇയാള്‍ മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നു. ഇപ്പോള്‍ പട്യാല ജയിലിലാണ് നവ്നീന്ദര്‍.

News kerala Avatar

Leave a Reply

Your email address will not be published. Required fields are marked *

There’s no content to show here yet.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button