crimekerala

മദ്യത്തിന്റെ പേരില്‍ എല്‍സി അംഗം ബ്രാഞ്ച് അംഗത്തിന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു; പാർട്ടി നടപടി


മദ്യം ഇരിക്കുന്ന വാഹനത്തിന്റെ താക്കോൽ ഒളിപ്പിച്ചെന്ന സംശയത്തിൽ സി.പി.എം ലോക്കൽ കമ്മറ്റി അംഗം ബ്രാഞ്ച് അംഗത്തിന്‍റെ വാരിയെല്ല് ചവിട്ടിയൊടിച്ച സംഭവത്തിൽ പാർട്ടി നടപടി. പ്രതിയെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയെങ്കിലും പ്രാഥമിക അംഗത്വം നിലനിർത്തും. വൈക്കം മറവൻതുരുത്ത് സ്വദേശി രതീഷിനെതിരെയാണ് തലയോലപ്പറമ്പ് പൊലീസിലും സിപിഎം മറവന്തുരുത്ത് ലോക്കൽ കമ്മറ്റിക്കും പരാതി ലഭിച്ചത്.

മൂന്ന് മാസം മുമ്പ് സിപിഎം ലോക്കൽ കമ്മറ്റി അംഗം രതീഷിന്റെ കുടുംബത്തിലെ ഒരു ചടങ്ങിന് ഡ്രൈവറായി പരാതിക്കാരൻ സനീഷ് പോയപ്പോഴാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. മറവന്തുരുത്ത് എട്ടാം വാർഡ് പഞ്ചായത്ത് അംഗവും മറ്റു രണ്ട് പാർട്ടി പ്രവർത്തകരുമായി ആലപ്പുഴ കലവൂരിലെ ലോഡ്ജിൽ ഇരിക്കുമ്പോഴായിരുന്നു  മർദ്ദനം. മദ്യം ഇരിക്കുന്ന തന്റെ വാഹനത്തിന്റെ താക്കോൽ ഒളിപ്പിച്ചെന്ന് ആരോപിച്ച്  അസഭ്യവർഷത്തോടെ അടിച്ചു വീഴ്ത്തി വാരിയെല്ല് ചവിട്ടി ഒടിച്ചെന്നാണ് സനീഷ് പറയുന്നത്.

ലോക്കൽ കമ്മറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി തുടങ്ങി എല്ലാസ്ഥാനങ്ങളിൽ നിന്നും പ്രതിയായ രതീഷിനെ നീക്കി. മറവന്തുരുത്ത് ലോക്കൽ കമ്മിറ്റി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തലയോലപ്പറമ്പ് ഏരിയ കമ്മറ്റി അംഗീകരിച്ചു. ഒരു മാസം മുൻപ് പരാതി ശരിയെന്ന് ബോധ്യപ്പെട്ടെങ്കിലും മാധ്യമ വാർത്തകൾക്ക് പിന്നാലെ ഇന്നലെയാണ് കമ്മിറ്റി അംഗീകരിച്ച് നടപടിയായത്. രതീഷിനെതിരെ സനീഷ് തലയോലപ്പറമ്പ് പോലീസിലും പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button