sports

പ്രതാപ കാലം കഴിഞ്ഞോ? സെഞ്ചറിയോടെ രോഹിത്തിന്റെ മറുപടി; 73 വര്‍ഷത്തെ റെക്കോര്‍ഡും കടപുഴക്കി

ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത രോഹിത്തിന്റെ തീരുമാനം തെറ്റിയോ എന്ന ചിന്ത 33-3 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ ആരാധകരുടെ മനസിലൂടെ കടന്നു പോയിട്ടുണ്ടാകും. എന്നാല്‍ ബാറ്റിങ് തിര‍ഞ്ഞെടുത്ത തന്റെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കാന്‍ രോഹിത് ഇന്ത്യയെ മുന്‍പില്‍ നിന്ന് നയിച്ചു. ഒടുവില്‍ രാജ്കോട്ടില്‍ വെച്ച് 11ാം ടെസ്റ്റ് സെഞ്ചറി തൊട്ട് രോഹിത് തന്റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്കും മറുപടി നല്‍കി.

രാജ്കോട്ടിലെ സെഞ്ചുറിക്കൊപ്പം 73 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡും രോഹിത് കടപുഴക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടത്തിലേക്കാണ് രോഹിത് എത്തിയത്. 1951ല്‍ വിജയ് ഹസാരെ തന്റെ പേരില്‍ ചേര്‍ത്ത റെക്കോര്‍ഡ് ആണ് രോഹിത് മറികടന്നത്. രാജ്കോട്ട് ടെസ്റ്റിന്റെ ആദ്യ ദിനം മൂന്നാം സെഷനിലെ ആദ്യ പന്തില്‍ സെഞ്ചറി തികയ്ക്കുമ്പോള്‍ രോഹിത്തിന്റെ പ്രായം 36 വര്‍ഷവും 291 ദിവസവും. 1951ല്‍ വിജയ് ഹസാരെ സെഞ്ചുറി നേടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 36 വര്‍ഷവും 278 ദിവസവും.

196 പന്തില്‍ നിന്ന് 14 ഫോറും മൂന്ന് സിക്സും സഹിതം 131 റണ്‍സ് എടുത്ത് നില്‍ക്കെ മാര്‍ക് വുഡാണ് രോഹിത്തിനെ മടക്കിയത്. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രോഹിത്തും ജഡേജയും ചേര്‍ന്ന് 201 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയാണ് തിരികെ കയറ്റിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും രോഹിത് സ്കോര്‍ ഉയര്‍ത്താനാവാതെ മടങ്ങിയപ്പോള്‍ രോഹിത്തിന്റെ പ്രതാപകാലം അവസാനിച്ചതായാണ് ജെഫ്രി ബോയ്കോട്ട് വിധിച്ചത്.

അവരുടെ ക്യാപ്റ്റന്‍ 37ാം വയസിലേക്ക് എത്തിയിരിക്കുന്നു. ഏതാനും കാമിയോ ഇന്നിങ്സ് കളിക്കാന്‍ രോഹിത്തിനായി. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രണ്ട് ടെസ്റ്റ് സെഞ്ചുറി മാത്രമാണ് രോഹിത്തിന് നേടാനായത്, ഇങ്ങനെയായിരുന്നു ബോയ്ക്കോട്ടിന്റെ വാക്കുകള്‍. ടീം ആവശ്യപ്പെടുന്ന സമയം മുന്‍പില്‍ നിന്ന് നയിച്ച് രാജ്കോട്ടില്‍ രോഹിത് അതിനുള്ള മറുപടി നല്‍കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button