NationalSpot LightWorld

മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാന്‍ കെല്‍പ്പുള്ള സോംബി വൈറസുകള്‍….. അവര്‍ ഉണര്‍ന്നെണീറ്റാല്‍

ഭൂഗോളത്തോളം പ്രായമുണ്ട് ധ്രുവങ്ങളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മഞ്ഞുപാളികള്‍ക്ക്. വേണമെങ്കില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എന്നു പറയാം. പെര്‍മാഫ്രോസ്റ്റ് എന്നുവിളിക്കുന്ന മഞ്ഞുമണല്‍തിട്ടകളുടെ കാര്യവും മറിച്ചല്ല. ഇവയുടെയൊക്കെ ആഴങ്ങളില്‍ കുറെപേര്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഉറങ്ങിക്കിടക്കുന്നു. മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാന്‍ കെല്‍പ്പുള്ള സോംബി വൈറസുകള്‍ ആര്‍ട്ടിക് ധ്രുവത്തിലും മനുഷ്യവാസമില്ലാത്ത സൈബീരിയന്‍ മേഖലകളിലുമൊക്കെ ശീതനിദ്രയില്‍ കഴിയുന്ന സോംബി വൈറസുകള്‍ ഉണര്‍ന്നെണീറ്റാല്‍ എന്തു സംഭവിക്കും?

ലോകത്തെമ്പാടുമുള്ള പ്രമുഖ ജീവശാസ്ത്രജ്ഞന്മാര്‍ ഉറക്കെ ചോദിക്കുന്ന ചോദ്യമാണിത്. ചരിത്രകാലത്തിനപ്പുറം ഭൂഗോളത്തില്‍ മഹാമാരി വിതച്ച് മദിച്ചുപുളച്ചവയാണ് പെര്‍മാ ഫ്രോസ്റ്റിന്റെ ആഴങ്ങളില്‍ കുരുങ്ങിക്കിടക്കുന്നത്; ലോകത്തിന്റെ ദൃഷ്ടിയില്‍ നിന്നകന്ന് കാലയവനികയില്‍ കുടുങ്ങിക്കിടക്കുന്നത്. മനുഷ്യന്റെ ആദിമരൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനും മുന്‍പായിരുന്നു അവയുടെ ജീവിതകാലം. ഏറ്റവും ചുരുങ്ങിയത് മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറം.

മൂന്നുലക്ഷം വര്‍ഷങ്ങളായി ശീതനിദ്രയില്‍ ആണ്ടുകിടന്ന സോംബി വൈറസുകളെ ഇപ്പോഴെന്തിന് ഭയക്കുന്നുവെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക. കാരണം, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തന്നെ. ആഗോളതാപനം കുതിച്ചുയര്‍ന്നതോടെ മഞ്ഞുമലകളും ഹിമാനികളും ഉരുകിയൊലിച്ചു. പെര്‍മാഫ്രോസ്റ്റിലെ തണുപ്പ് അകന്നു. പെര്‍മാഫ്രോസ്റ്റ് ഉരുകിയൊലിക്കുമ്പോള്‍ അവയുടെ ആഴങ്ങളില്‍ ഗീതനിദ്ര നടത്തുന്ന സോംബി വൈറസുകളും ഉണരുമെന്ന് ശാസ്ത്രജ്ഞര്‍ ഭയക്കുന്നു.അങ്ങനെ സംഭവിച്ചാല്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിലേക്കാവും മനുഷ്യകുലം നയിക്കപ്പെടുക. അത് മഹാനാശത്തിന് വഴിതെളിക്കുമെന്ന് ഐക്‌സ്-മാര്‍സെലെ സര്‍വകലാശാലയിലെ മെഡിസിന്‍-ജനിതക വിഭാഗം പ്രൊഫസര്‍ ജീന്‍-മൈക്കല്‍ ക്ലാവെരി പറയുന്നു. അത് നേരിടാന്‍ മനുഷ്യര്‍ തയ്യാറെടുക്കണം. അന്തര്‍ദേശീയ വിദ്യാഭ്യാസ-ഗവേഷണ സഹകരണ സംരംഭമായ ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി ഇക്കാര്യത്തില്‍ ഒരു നിരീക്ഷണ നെറ്റ്‌വര്‍ക്ക് തന്നെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. സോംബി വൈറസുകള്‍ എന്നെങ്കിലും തലപൊക്കുന്നതിനു മുന്‍പ് അവയെ സമര്‍ത്ഥമായി നേരിടാനും പ്രാചീനകാലത്ത് അത്തരം വൈറസുകള്‍ ഉണ്ടാക്കിയ രോഗാവസ്ഥകള്‍ മനസ്സിലാക്കാനുമൊക്കെയാണ് നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തുന്നത്.

മെതുസെലാ മൈക്രോബുകള്‍ എന്നുകൂടി അറിയപ്പെടുന്ന ഈ സോംബി വൈറസുകളില്‍ ചിലവയെ ഇതിനോടകം വേര്‍തിരിച്ചെടുക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രായമേറിയ പണ്ടോറാ വൈറസ് യെഡോമയ്‌ക്ക് 48500 വയസാണത്രേ പ്രായം. ആള്‍ അപകടകാരി തന്നെയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യകുലത്തിനും മുന്‍പ് പിറവിയെടുത്ത സോംബികളോട് മനുഷ്യന് പ്രകൃതിദത്തമായ പ്രതിരോധം ഇല്ലായെന്നതാണ്. ഏറ്റവും ആശങ്കകരമായ വസ്തുത. മനുഷ്യന്റെ ജന്മസിദ്ധമായ രോഗപ്രതിരോധ സംവിധാനം ഇത്തരം വൈറസുകളുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലായെന്നതാണ് ഏറ്റവും പേടിപ്പിക്കുന്ന വസ്തുതയെന്ന് ഗവേഷകനായ ജീന്‍ മൈക്കല്‍ ക്ലാവരി പറയുന്നു.

ആഗോളതാപനം ലോകത്ത് പടച്ചുവിടുന്ന കാക്കത്തൊള്ളായിരം അപകടങ്ങളില്‍ ഏറ്റവും പുതിയതയാണ് സോംബി വൈറസുകളുടെ ഈ ഭീഷണി. ആഗോളതാപനം സൃഷ്ടിച്ച വിപത്തുകളില്‍ പസഫിക് സമുദ്രത്തിലെ പ്രളയഭീഷണി അഭിമുഖീകരിക്കുന്ന ദ്വീപുകളും മാലദ്വീപ് നേരിടുന്ന കടലാക്രമണ ഭീഷണിയും ഉള്‍പ്പെടുന്നു. ആമസോണ്‍ വനങ്ങളുടെ വലിയൊരു ഭാഗം വരള്‍ച്ചാ ഭീഷണിയിലാണ്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് താപനം ആഞ്ഞടിക്കുന്നത്. ചിലേടത്ത് കൊടുംവരള്‍ച്ചയും മറ്റു ചിലേടത്ത് പ്രളയവും മൂന്നാമതൊരിടത്ത് പകര്‍ച്ചവ്യാധികളും. കൃഷിനാശം പല രാജ്യങ്ങളിലും ഭക്ഷ്യസുരക്ഷിതത്വം തന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഗതിമുട്ടിയ ജനങ്ങള്‍ ജനപദങ്ങള്‍ ഉപേക്ഷിച്ച് മറുനാടുകളിലേക്ക് ദേശാന്തരഗമനം ചെയ്യുന്നതും നിത്യസംഭവമാകുന്നു.

മഞ്ഞിലൂടെ തെന്നിനീങ്ങുന്ന കായികവിനോദമായ സ്‌കീയിങ്ങിന് മഞ്ഞ് വീഴാന്‍ കാത്തിരിക്കുന്ന സിംലയിലെയും കുഫ്രിയിലെയും സ്‌കീയിങ് കേന്ദ്രങ്ങളുടെ ദയനീയ അവസ്ഥ കഴിഞ്ഞ ആഴ്ചകളിലാണ് പ്രതവാര്‍ത്തകളില്‍ ഇടംപിടിച്ചത്. എല്ലാ വര്‍ഷവും നിശ്ചിതസമയത്ത് മഞ്ഞ് പെയ്യുന്നിടങ്ങളില്‍ മരുന്നിനുപോലും മഞ്ഞ് കിട്ടാത്ത അവസ്ഥ. പശ്ചിമബംഗാളിലെ സാഗര്‍ദ്വീപില്‍ നടക്കുന്ന ഗംഗാ സാഗര്‍ മേളയെയും ആഗോളതാപനം പ്രതികൂലമായി ബാധിച്ചു. അവിടെ മഞ്ഞ് കിട്ടാത്ത അവസ്ഥ. പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപില്‍ നടക്കുന്ന ഗംഗാ സാഗര്‍ മേളയെയും ആഗോളതാപനം പ്രതികൂലമായി ബാധിച്ചു. അവിടെ മകരസംക്രാന്തി നാളില്‍ കപിലമുനി ക്ഷേത്രത്തിനു മുന്നില്‍ പുണ്യസ്‌നാനത്തിനെത്തിയവര്‍ക്ക് കാണാന്‍ കഴിഞ്ഞത് കടലെടുത്ത ബീച്ചിനെയാണ്. ബീച്ചിന്റെ സ്ഥാനത്ത് ശേഷിച്ച ചെളിക്കുഴികളെയും. ഇത്തരം സംഭവങ്ങളെല്ലാം തദ്ദേശീയരുടെ തൊഴിലവസരങ്ങളും ജീവിതമാര്‍ഗവും ഇല്ലാതാക്കുന്നു. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്കും ദാരിദ്ര്യത്തിനും പകര്‍ച്ച വ്യാധികള്‍ക്കുമെല്ലാം ഇത്തരം തൊഴില്‍നഷ്ടങ്ങള്‍ വഴിവയ്‌ക്കുന്നു. അതുകൊണ്ടുതന്നെ ആഗോളതാപനമുണ്ടാക്കുന്ന അത്യാഹിതങ്ങളെ നേരിട്ട് മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഗ്രാമീണ സമൂഹങ്ങളും ആദിവാസി ഗോത്രങ്ങളും.

ടാന്‍സാനിയയിലെ ദ്വീപുസമൂഹമായ സാന്‍സിബാറിന്റെ കാര്യം തന്നെയെടുക്കുക. അവിടെ വീട്ടമ്മമാര്‍ കടലില്‍ നടത്തിവന്ന ‘കടല്‍പായല്‍’ കൃഷിക്ക് ‘ചെക്ക്’ പറഞ്ഞത് ആഗോളതാപനം. ക്യാന്‍സര്‍, പ്രമേഹം, ഉദരരോഗങ്ങള്‍ എന്നിവയുടെ മരുന്നുകള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന കടല്‍പായലിന് മികച്ച ഡിമാന്റായിരുന്നു ലോകവിപണിയില്‍. സാന്‍സിബാറിലെ കാല്‍ലക്ഷത്തിലേറെ കുടുംബങ്ങളുടെ ഏക ആദായമാര്‍ഗം. പക്ഷേ കടലിന് ചൂടുകൂടിയതോടെ കടല്‍കളകള്‍ മുഴുവന്‍ വാടി നശിച്ചു. പക്ഷേ കൃഷിക്കാരായ വീട്ടമ്മമാര്‍ തോറ്റ് പിന്മാറാന്‍ തയ്യാറായിരുന്നില്ല. അവര്‍ ‘സ്‌പോഞ്ച് കൃഷി’യിലേക്ക് മാറ്റിച്ചവിട്ടി. കടല്‍ പായലിനു പകരം കടല്‍സ്‌പോഞ്ച്. പ്രകൃതിദത്തമായ സ്‌പോഞ്ചുകളെ കടലില്‍ പ്രത്യേകം തയ്യാറാക്കിയ നഴ്‌സറികളില്‍ വളര്‍ത്തിയെടുക്കുകയാണ് സാന്‍സിബാറിലെ വീട്ടമ്മമാര്‍. പ്രത്യേക ശരീരഘടനയ്‌ക്ക് ഉടമകളായ കടല്‍സ്‌പോഞ്ചുകള്‍ തങ്ങളുടെ കോശങ്ങളിലെ അതിസൂക്ഷ്മ പമ്പുകളുടെ സഹായത്തോടെ കടല്‍വെള്ളത്തില്‍ നിന്ന് തങ്ങള്‍ക്കാവശ്യമായ പോഷകവും പ്രാണവായുവും സ്വീകരിക്കും. ചുറ്റുമുള്ള കടല്‍വെള്ളത്തെ ശുദ്ധീകരിക്കാനും സ്‌പോഞ്ചുകള്‍ക്ക് ഈ പ്രവൃത്തി മൂലം കഴിയുന്നു. ഇന്ത്യാ മഹാസമുദ്രത്തിലെ സാന്‍സിബാര്‍ തീരക്കടലില്‍ പ്രത്യേകം ഉറപ്പിച്ച പോളി എതിലിന്‍ കയറുകളില്‍ ഉറപ്പിച്ചാണ് വീട്ടമ്മമാര്‍ സ്‌പോഞ്ചുകളെ വളര്‍ത്തുന്നത്. ഒന്നാംതരം ആന്റി ബാക്ടീരിയ-ആന്റി ഫംഗസ് ഗുണങ്ങളുള്ള സ്‌പോഞ്ചുകള്‍ക്ക് ദുര്‍ഗന്ധം അകറ്റുന്നതിനും വലിയ കഴിവാണുള്ളത്. കടല്‍പായല്‍ കൃഷിയില്‍ തളര്‍ന്ന വീട്ടമ്മമാര്‍ക്ക് സ്‌പോഞ്ചുകള്‍ തിരികെ നല്‍കിയത് കൈനിറയെ പണവും പുതിയ ജീവിതവുമാണ്.
സാന്‍സിബാറിലെ വീട്ടമ്മമാരുടെ സ്‌പോഞ്ച് കൃഷി ഒരു മാതൃക മാത്രമാണ്. ലോകമെമ്പാടുമുള്ള ഗോത്രജനവിഭാഗങ്ങള്‍ ആഗോളതാപനത്തെ തങ്ങളുടേതായ രീതിയില്‍ ചെറുക്കാനും ജീവിതമാര്‍ഗങ്ങള്‍ കരുപ്പിടിപ്പിക്കാനും തയ്യാറെടുക്കുന്നു. പക്ഷേ വേനലും വരള്‍ച്ചയും പകര്‍ച്ചവ്യാധികളും പെരുകുന്നതിനു മുന്‍പില്‍ അവര്‍ നിസ്സഹായരാണ്. അത് ഇല്ലാതാവണമെങ്കില്‍ ഭൂഗോളത്തിന്റെ ചൂട് കുറയണം. അതിനാവശ്യം മുതലാളിത്വ സമ്പദ്‌വ്യവസ്ഥകള്‍ക്ക് കുടപിടിക്കുന്നവരുടെ ദൃഢനിശ്ചയം ഒന്നുമാത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button