Spot Light

ടവറിനു മുകളില്‍ പെട്രോളുമായി യുവാവ്; ഭാര്യ വന്നിട്ടും ഇറങ്ങിയില്ല; പെണ്‍സുഹൃത്തിനെ എത്തിച്ച് പൊലീസ് താഴെ ഇറക്കി

പത്തനംതിട്ട അടൂരില്‍ പൊലീസിനെയും അഗ്നിരക്ഷാ സേനയേയും മുൾമുനയിൽ നിർത്തി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. കോട്ടമുകൾ ഭാഗത്ത് 110 കെവി വൈദ്യുതി ലൈനിന്‍റെ ട്രാൻസ്മിഷൻ ടവറിനു മുകളിൽ പെട്രോളുമായി കയറിയാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഭാര്യയെ സ്ഥലത്തെത്തിച്ചിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ പെൺ സുഹൃത്തിനെ എത്തിച്ചാണ് ഇയാളെ താഴെയിറക്കാനായത്. ഇതോടെ മൂന്ന് മണിക്കൂറോളം വൈദ്യുതി മുടങ്ങി.

ഗ്രീൻവാലി ഓഡിറ്റോറിയത്തിനു സമീപത്തു കൂടി കടന്നു പോകുന്ന ട്രാൻസ്മിഷൻ ടവറിന്റെ മുകളിലാണ് യുവാവ് കയറിയത്. വെള്ളിയാഴ്ച രാത്രി 10നാണ് സംഭവം. അഗ്നിരക്ഷാ കേന്ദ്രത്തിലെ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ യുവാവിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പെൺസുഹൃത്തുമായി വഴക്കുണ്ടായെന്നും അവര്‍ മാപ്പു പറഞ്ഞാൽ ഇറങ്ങാമെന്നുമുള്ള നിലപാടിലായിരുന്നു യുവാവ്. ഇതോടെ പെൺസുഹൃത്തിനെ പൊലീസ് സ്ഥലത്ത് എത്തിച്ചു. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഇവര്‍ പറഞ്ഞതോടെയാണ് യുവാവ് താഴെയിറങ്ങാൻ തയാറായത്.

ആദ്യം താഴെയിറങ്ങ‌ാൻ തുടങ്ങിയെങ്കിലും ഇറങ്ങാൻ പറ്റാതെ ടവറിൽ കുടങ്ങി. തുടർന്ന് ഒരു മണിയോടെ സ്റ്റേഷൻ ഓഫിസറുടെ നിർദേശപ്രകാരം ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ എസ്. സന്തോഷ്, ഇ. മഹേഷ് എന്നിവർ ടവറിലേക്ക് കയറി താഴെയിറക്കി. ട്രാ‍ൻസ്മിഷൻ ടവറിൽ അതിക്രമിച്ചു കയറിയതിന് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടു.

യുവാവും പെൺസുഹൃത്തും തമ്മിൽ വഴക്കുണ്ടാവുകയും ഇതു പൊലീസ് കേസാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ഭീഷണി. ഡപ്യൂട്ടി ചീഫ് എൻജിനീയർ സന്തോഷിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button