crimeNational

ഡിഗ്രികളുണ്ടായിട്ട് എന്തു പ്രയോജനം?;ജോലിയില്ലാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഇരുപത്തിയെട്ടുകാരൻ തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ കനൗജിലാണു സംഭവം. പൊലീസ് പരീക്ഷ എഴുതി റിക്രൂട്ട്മെന്റ് പരീക്ഷാഫലം കാത്തിരുന്ന ബ്രിജേഷ് പാലാണ് വീട്ടില്‍ ജീവനൊടുക്കിയത്. പരീക്ഷ പേപ്പര്‍ ചോര്‍ന്നു എന്ന വിവരമറിഞ്ഞതിനു പിന്നാലെയായിരുന്നു യുവാവിന്‍റെ മരണം.
ജോലിയില്ലാത്തതിനാൽ മരിക്കാൻ തീരുമാനിക്കുന്നു എന്ന കത്തെഴുതിയ ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിന്‍റെ സര്‍ട്ടിഫിക്കറ്റുകളും കത്തിച്ചിരുന്നു. ‘ഒരാൾക്ക് ജോലി ലഭിച്ചില്ലെങ്കിൽ ഡിഗ്രികളുണ്ടായിട്ട് എന്തു പ്രയോജനം? ഈ അവസ്ഥ എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. നിങ്ങളോടു മാപ്പു ചോദിക്കുന്നു. സഹോദരിയെ നല്ല രീതിയിൽ വിവാഹം ചെയ്തു നൽകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു’ എന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു.
ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ബ്രിജേഷ് പാലിന്റെ പിതാവ്. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. യുവാവിന്‍റെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ബിജെപി സർക്കാരിനാണെന്നു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ജീവിതത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ തനിക്കു മുൻപിൽ മാർഗമില്ലാതെ വന്നതോടെയാണ് ഈ യുവാവ് ജീവനൊടുക്കിയത്. ജോലി വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ബിജെപി സർക്കാരിനു സധാരാണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. ബിജെപി സർക്കാരിനു കീഴിൽ ജോലി ലഭിക്കുക എന്നതു സ്വപ്നം മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button