NationalSpot Light

ചുമടുമായെത്തിയ കര്‍ഷകനെ വിലക്കി; സെക്യൂരിറ്റിയെ പിരിച്ചുവിട്ട് ‘നമ്മ മെട്രോ’

ബെംഗളൂരുവിൽ കര്‍ഷകനെ മെട്രോയില്‍ കയറുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് നമ്മ മെട്രോ. ഫെബ്രുവരി 18ന് നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മെട്രോയുടെ നടപടി. സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടെന്നും സംഭവത്തില്‍ ഖേദിക്കുന്നു എന്നുമാണ് ട്വീറ്റിലൂടെ മെട്രോ അധികൃതര്‍ അറിയിച്ചത്.

ഫെബ്രുവരി 18ന് രാജാജിനഗർ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവും വെള്ള ഷർട്ടും മുണ്ടും ധരിച്ചെത്തിയ കര്‍ഷകനെയാണ് മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെക്ക് പോയിന്‍റില്‍ തടഞ്ഞു നിര്‍ത്തിയത്. ടിക്കറ്റ് കയ്യിലുണ്ടായിരുന്നിട്ടുകൂടി കര്‍ഷകനെ തിരിച്ചയക്കാനുള്ള ഉദ്യോഗസ്ഥന്‍റെ ശ്രമം യാത്രക്കാരും എതിര്‍ത്തു. വിഡിയോയില്‍ യാത്രക്കാരിലൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നുണ്ട്. കർഷകന്‍ യാതൊരു സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ചട്ടങ്ങള്‍ ഒന്നും തന്നെ ലംഘിച്ചിട്ടില്ലെന്നും പിന്നെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കയറാന്‍ അനുവദിക്കാത്തതെന്നും ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് വാദിക്കുന്നു. ഒടുവിലാണ് മെട്രോയിൽ കയറാൻ കര്‍ഷകന് ഇയാള്‍ അനുമതി നല്‍കുന്നത്.

‘അവിശ്വസനീയം..! വിഐപികൾക്ക് വേണ്ടി മാത്രമാണോ മെട്രോ? മെട്രോ ഉപയോഗിക്കുന്നതിന് ഡ്രസ് കോഡ് ഉണ്ടോ? രാജാജിനഗർ മെട്രോ സ്റ്റേഷനിൽ കർഷകന്‍റെ അവകാശത്തിനായി പോരാടിയ കാർത്തിക് സി ഐറാണിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. ഇത്തരം നായകന്മാരെ നമുക്ക് എല്ലായിടത്തും ആവശ്യമുണ്ട്’, എന്ന് കുറിച്ചാണ് ഒരു എക്സ് ഉപയോക്താവ് വിഡിയോ പങ്കുവച്ചത്. നിങ്ങളുടെ ഉദ്യോഗസ്ഥരെ കൃത്യമായി പരിശീലിപ്പിക്കണം എന്നും പോസ്റ്റില്‍ മെട്രോയെ ടാഗ് ചെയ്തുകൊണ്ടു ഉപയോക്താവ് പറയുന്നു.

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടതായി അറിയിച്ച് ബിഎംആർസിഎൽ രംഗത്തെത്തി. കർഷകനുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും നമ്മ മെട്രോ എല്ലാവരെയും ഉൾക്കൊള്ളുന്ന ഗതാഗത മാർഗമാണെന്നും ബിഎംആർസിഎൽ എക്സില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button